തിരുവനന്തപുരം: വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന രീതി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് സിപിഐ നിര്‍വാഹകസമിതിയില്‍ വിമര്‍ശനം. മന്ത്രി കെ ടി ജലീല്‍ ഒളിച്ച് പുലര്‍ച്ചെ എന്‍ഐഎ ഓഫീസിലെത്തിയത് നാണക്കേടായെന്നും, മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എല്ലാ വിവാദങ്ങളെയും മറികടക്കുമെന്നായിരുന്നു യോഗത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയായി പറഞ്ഞത്.
സിപിഐ യോഗത്തില്‍ പ്രകടമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നത് ഭരണകക്ഷിക്കകത്ത് തന്നെ അതൃപ്തിയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാവുകയാണ്. വാര്‍ത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി നല്കുന്ന ശൈലി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് ഉയര്‍ത്തുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ മുഖ്യമന്ത്രി നടത്തുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും യോഗത്തില്‍ ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മന്ത്രി എന്ന നിലയില്‍ ഒരു പക്വതയും കെ ടി ജലീല്‍ കാട്ടിയില്ലെന്ന് യോഗത്തില്‍ ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പുലര്‍ച്ചെ തന്നെ സ്വകാര്യ വാഹനത്തില്‍ ഒളിച്ച് പോയ ജലീലിന്റെ നടപടി സര്‍ക്കാരിന് നാണക്കേടാണ് വരുത്തി വച്ചത്. ഇതിന് മുമ്പേ, ‘ഈച്ച പാറിയാല്‍ അറിയുമെന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന് മുഖത്തേറ്റ അടിയെന്ന’ നിലയില്‍ മറുപടി പറഞ്ഞതും മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള ഉള്ള വര്‍ഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാല്‍ ജോസ് കെ മാണിയുമായി സഹകരണമാകമെന്നാണ് കോരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സിപിഐ നിലപാട്. ഇക്കാര്യത്തിലേ പാര്‍ട്ടി നിലപാട് മുന്നണി നേതൃത്വത്തെ സിപിഐ അറിയിക്കും. ജോസ് കെ മാണിയെ കൂടെ കൂട്ടേണ്ട എന്ന കടുത്ത നിലപാടില്‍ നിന്ന് സിപിഐ അയഞ്ഞിട്ടുണ്ട്.
ജോസ് കെ മാണിയുമായി പ്രാദേശിക തലത്തില്‍ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അവരുമായി മുന്നണി എന്ന നിലയില്‍ ചര്‍ച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കില്‍ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തേ പൂര്‍ണമായും ജോസ് കെ മാണി തള്ളി പറയണം. എന്തുകൊണ്ട് യുഡിഎഫ് വിട്ടു എന്ന കാര്യവും അവര്‍ വ്യക്തമാക്കണം.
മാത്രമല്ല ബിജെപി പോലുള്ള വര്‍ഗീയ കക്ഷികളുമായി ചേരില്ലെന്നും അവര്‍ നിലപാട് പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സിപിഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായി. ജോസ് കെ മാണിയെ അനുകൂലിച്ചും പ്രതികൂലിച്ചും എക്സിക്യൂട്ടീവില്‍ ചര്‍ച്ചകള്‍ ഉണ്ടായി.
30 1 minute read