KERALALATEST

സിപിഐ നേതാവിന്റെ ലൈംഗീകാതിക്രമം; പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി, നേതാവ് മുന്‍പും ആരോപണ വിധേയന്‍

ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവര്‍ത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഈ മാസം 25നകം മൂന്നംഗ അന്വേഷണ കമ്മീഷന്‍ സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കും.
സിപിഐ നെടുങ്കണ്ടം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. മുമ്പ് ഫോണിലൂടെ ഇയാള്‍ ലൈംഗീക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു. ഫോണ് വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
നേരത്തെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് വീട്ടമ്മ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്നും ആരോപണവിധേയനില്‍ നിന്നും മൊഴിയെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുക്കും. 25ന് മുമ്പ് അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാന കൗണ്‍സിലിന് നല്‍കുമെന്നാണ് വിവരം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന പരാതിയില്‍ നടപടി നേരിട്ടയാളാണ് ആരോപണവിധേയനായ നേതാവ്. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ പൊലീസിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മ. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടിക്ക് അകത്തെ തന്നെ ചിലരാണ് ആരോപണത്തിന് പിന്നിലെന്നും നേതാവ് പറയുന്നു. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button