BREAKING NEWSKERALALATEST

പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ഇടുക്കിയിലെ സി.പി.ഐ. നേതാവിന് സ്ഥലംമാറ്റം

നെടുങ്കണ്ടം: ജില്ലയിലെ മുതിര്‍ന്ന സി.പി.ഐ.നേതാവിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ നീതി ലഭിച്ചില്ലെന്ന പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ പരാതിയില്‍ തത്കാലിക നടപടി.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ നേതാവിനോട് തേക്കടിക്ക് പോകാന്‍ നിര്‍ദേശം.
പീരുമേട് മണ്ഡലത്തിലെ സി.പി.ഐ.സ്ഥാനാര്‍ഥിയുടെ തേക്കടി മേഖലാ കമ്മിറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാനാണ് പുതിയ നിര്‍ദേശം. കൂടാതെ മഹിളാസംഘത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. പീരുമേട് മണ്ഡലത്തില്‍ നേതാവിനെതിരേയുള്ള ആരോപണങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഫലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.ഐ.നേതൃത്വത്തിന്റെ നീക്കം.
നടപടിക്ക് പിന്നില്‍ ഉടുമ്പന്‍ചോല മണ്ഡലത്തിലെ എല്‍.ഡി.എഫ്.നേതാക്കളുടെ സമ്മര്‍ദമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലൈംഗിക അതിക്രമ പരാതിയില്‍ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചില്ലെന്നും നീതി ലഭിച്ചില്ലെന്നും ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് രാജിവെച്ചിരുന്നു. കൂടാതെ ഇക്കാര്യം മഹിളാസംഘം പ്രവര്‍ത്തകയായ വീട്ടമ്മ കത്തിലൂടെ സംസ്ഥാന കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സി.പി.ഐ.സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം നേതാവിനെതിരേ നടപടിയെടുക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടെ മിനിറ്റ്‌സ് ഹാജരാക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. നേതാവിനെതിരേ ഉയര്‍ന്ന പരാതി പരിശോധിക്കാന്‍ സി.പി.ഐ.ജില്ലാ എക്‌സിക്യുട്ടീവ് അന്വേഷണ കമ്മിഷനെ അടക്കം നിയമിച്ചിരുന്നെങ്കിലും സംസ്ഥാന കൗണ്‍സിലില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തുക മാത്രമാണ് ഉണ്ടായത്. ജില്ലാ എക്‌സിക്യുട്ടീവില്‍നിന്ന് നേതാവിനെ ഒഴിവാക്കിയിരുന്നു. ഇതില്‍ വീട്ടമ്മ പരാതി ഉന്നയിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നടപടികളെല്ലാം മരവിപ്പിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷവും നടപടി ഉണ്ടാകാഞ്ഞതാണ് പരാതിക്കാരിയുടെ രാജിക്ക് കാരണമായത്. സംഭവത്തില്‍ പോലീസിനെ സമീപിക്കാനിരുന്ന പരാതിക്കാരിയെ സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

Related Articles

Back to top button