LATESTNATIONAL

ചിട്ടയായ പ്രവര്‍ത്തനം, ജനകീയ അടിത്തറ; ബിഹാറില്‍ സിപിഐഎംഎല്ലിനെ തുണച്ചത് ഇതൊക്കെ

ബീഹാറില്‍ എന്‍ഡിഎ ഭരണം പിടിച്ചെങ്കിലും ഇടതുപക്ഷം പഴയകാലപ്രഭാവം വീണ്ടെടുത്തതിന്റെ ലക്ഷണമാണ് മഹാസഖ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തിളങ്ങുന്ന വിജയം നല്‍കുന്നത്. മത്സരിച്ച 29 സീറ്റില്‍ 16 എണ്ണത്തിലും വിജയവുമായാണ് ഇടത് പാര്‍ട്ടികളുടെ തിളക്കമാര്‍ന്ന പ്രകടനം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇടത് പാര്‍ട്ടികള്‍ നടത്തുന്ന വലിയ മുന്നേറ്റമാണ് ഇത്തവണ കണ്ടത്. സിപിഐഎംഎല്‍ (ലിബറേഷന്‍) 12, സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ട് വീതം സിറ്റുകളിലും വിജയം നേടി.
സിപിഐഎംഎല്‍, 2015 ല്‍ മൂന്ന് സീറ്റുകള്‍, 2010 ല്‍ സിപിഐ ഒന്ന് എന്നിങ്ങനെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മതി ഇത്തവണത്തെ വിജയത്തിന്റെ പ്രാധാന്യം മനസിലാവാന്‍. ബിഹാറില്‍ വീണ്ടും ഇടതുപാര്‍ട്ടികള്‍ പ്രസക്തരാകുന്ന കാഴ്ച പകര്‍ന്നു നല്‍കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിന് ഇനിയും പോരാട്ട വീര്യം ബാക്കിയുണ്ടെന്നത് തന്നെയാണ്.
ഇടതുപാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നതായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഉള്‍പ്പെട്ട രാഷ്ട്രീയ പ്രതിയോഗികളുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു സംസ്ഥാനത്തെ ഇടത് പാര്‍ട്ടികള്‍ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു സഖ്യ പ്രഖ്യാപനത്തിന് ശേഷം സിപിഐഎം.എല്‍ (ലിബറേഷന്‍) ന്റെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ നടത്തിയ പ്രതികരണം. ‘ഈ അവസരം ഞങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ ജനാധിപത്യം അതിജീവിക്കില്ല’ എന്നായിരുന്നു ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാവുന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
മഹാസഖ്യത്തിന് കീഴില്‍ 29 സീറ്റുകളിലാണ് സിപിഐഎംഎല്‍, സിപിഎം, സിപിഐ എന്നീ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചത്. 19 സീറ്റുകളില്‍ സിപിഐ എംഎല്‍, സിപിഐ ആറ്, സിപിഎം നാല് എന്നിങ്ങനെയായിരുന്നു സീറ്റുകളുടെ പങ്കിടല്‍. ഒരിക്കല്‍ സംസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷം കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. കണക്കുകളുടെ പശ്ചാത്തലത്തില്‍ ഇടതു പാര്‍ട്ടികളുമായി, പ്രത്യേകിച്ചു സിപിഐയുമായി സഖ്യത്തിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനും തുടക്കത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ബേഗുസാരായ്, മധുബനി, ഖാഗരിയ ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ സിപിഐക്ക് ശക്തമായ സ്വാധീനമുണ്ട്. ഇത് തിരിച്ചറിഞ്ഞായിരിക്കാം സഖ്യത്തിന് മുതിര്‍ന്നത് എന്നും വിലയിരുത്തുന്നു. അതിന് പിന്നില്‍ ലാലു പ്രസാദ് യാദവ് എന്ന ഇരുത്തം വന്ന രാഷ്ട്രീയക്കാരന്റെ ബുദ്ധിയാണെന്നാണ് വിലയിരുത്തല്‍. ഇടതു പാര്‍ട്ടികള്‍ക്കു നല്‍കിയ സീറ്റുകളില്‍ ചിലത് ആര്‍ജെഡിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ആര്‍ജെഡിയുടെ ഈ അസാധാരണ നീക്കത്തിന് പിന്നിലും ലാലു പ്രസാദ് യാദവിന്റെ ഇടപെടല്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മുന്‍പ് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയെ സിപിഐയും സിപിഎമ്മും പിന്തുണച്ചിരുന്നെങ്കിലും ആദ്യമായാണ് സിപിഐഎംഎല്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്നത്.
ഇടത് പാര്‍ട്ടികള്‍ക്ക് ബീഹാറിലെ യുവാക്കള്‍ക്ക് ഇടയില്‍ കൈവന്ന സ്വാധീനമാണ് മുന്നേറ്റത്തെ പിന്തുണച്ച മറ്റൊരു ഘടകം എന്നാണ് വിലയിരുത്തല്‍. ജെഎന്‍യുവില്‍നിന്ന് ഇടതുരാഷ്ട്രീയത്തിന്റെ അമരത്ത് എത്തിയ കനയ്യ കുമാറിനെ പോലുള്ളവരുടെ പ്രചരണത്തിലെ സ്വാധീനവും സിപിഐയുടെ വിദ്യാര്‍ഥിസംഘടനയായ എഐഎസ്എഫ്, സിപിഐ എംഎഎല്ലിന്റെ വിദ്യാര്‍ഥിസംഘടനയായ എഐഎസ്എ എന്നിവയുടെ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയതും വിജയഘടകമായി.
ഇടതുപാര്‍ട്ടികളുടെ തന്നെ അഭിപ്രായത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതാണ് തങ്ങളുടെ വിജയത്തിന് കാരണം എന്നാണ്. തൊഴിലാളികളെയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സംഘടിപ്പിക്കാനും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേഡര്‍ ബേസ് വര്‍ദ്ധിപ്പിക്കാനും ഇടതുപാര്‍ട്ടികള്‍ക്കായി. മറ്റ് രണ്ടു മുഖ്യധാര ഇടതുപാര്‍ട്ടികളെക്കാളും ബിഹാര്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എം.എല്‍. അതുകൊണ്ട് തന്നെ ലാലുവിന്റെ ഭരണകാലത്ത് പോലും ആര്‍ജെഡിയിലെ ഗുണ്ടാ നേതാക്കളാല്‍ എംഎല്ലിന്റെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈയടുത്ത് വരെയും പലയിടങ്ങളില്‍ ആജന്മ ശത്രുക്കളായാണ് ആര്‍ജെഡിയും എംഎല്ലും പരസ്പരം പെരുമാറിയിരുന്നത്. എന്നാല്‍ അവിടെ നിന്ന് കാര്യമായ മാറ്റം ഇത്തവണ വന്നു എന്നാണ് നേതാക്കള്‍ തന്നെ പറയുന്നു. ഇത്തവണ ഇടതുപാര്‍ട്ടികള്‍ക്ക് താഴേത്തട്ടിലുള്ള സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആര്‍ജെഡി സഖ്യതീരുമാനം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് 29 സീറ്റുകള്‍ നല്‍കാനുള്ള തേജസ്വിയുടെ തീരുമാനം പാര്‍ട്ടിയില്‍ പോലും അത്രയെളുപ്പം സ്വീകരിക്കപ്പെട്ടിരുന്നില്ല. കാരണം, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച, ബോളിവുഡിലെ സ്റ്റേജ് ഡിസൈനര്‍ ആയിരുന്ന മുകേഷ് സാഹ്നി രൂപീകരിച്ച വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക സമത പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകാതിരുന്നതിന്റെ കാരണം ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിക്കാതിരുന്നതാണ്. ഇതില്‍ എച്ച്എഎമ്മും വിഐപി പാര്‍ട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും നേട്ടമുണ്ടാക്കി, കുഷ്വാഹ ഒവൈസിയുടെ എഐഎംഐഎമ്മിനൊപ്പം ചേര്‍ന്ന് പുതിയ മുന്നണി ഉണ്ടാക്കുകയും ചെയ്തു. ഇവര്‍ക്കൊന്നും സീറ്റുകള്‍ നല്‍കാതെ മുമ്പ് കാര്യമായ വിജയം നേടിയിട്ടില്ലാത്ത ഇടതു പാര്‍ട്ടികള്‍ക്ക് ഇത്രയേറെ സീറ്റുകള്‍ നല്‍കിയത് തുടക്കത്തില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കിലും തേജസ്വിയുടെ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
ആര്‍ജെഡി യോഗങ്ങളില്‍ ചിട്ടയായ പ്രചരണവുമായി രംഗത്തിറങ്ങിയതും ഇടതു പാര്‍ട്ടികളുടെ കേഡറുകള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കേവലം ജാതി, മത സമവാക്യങ്ങളില്‍ നിന്ന് മാറി സമ്പദ് വ്യവസ്ഥയെ കുറിച്ചും കാര്‍ഷിക പ്രശ്‌നങ്ങളും തുല്യവേതനവും ആരോഗ്യവൈദ്യ മേഖലയും ഒക്കെ ചര്‍ച്ചയായി. മഹാഗഡ്ബന്ധന്റെ 25 ഇന പരിപാടികളില്‍ ഇവ ഉള്‍പ്പെടുത്തുകയും ചെയ്തു. തേജസ്വി യാദവിന്റെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം ബിഹാര്‍ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. തൊഴിലില്ലായ്മ, ഉച്ചഭക്ഷണ പദ്ധതി, ആഷാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തതാണ് ഇടതുപാര്‍ട്ടികളെ തുണയ്ക്കുന്നതെന്ന് ഐസ പ്രസിഡന്റും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്ന എസ്. സായ് ബാലാജി പറയുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായിരുന്നു ബാലാജി. ഈ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇടതു സ്ഥാനാര്‍ഥികള്‍ എല്ലാവരും തന്നെ വിജയിക്കുന്ന സാഹചര്യവും ദി ക്വിന്റിനു നല്‍കിയ അഭിമുഖത്തില്‍ ബാലാജി ചൂണ്ടിക്കാട്ടുന്നു.
ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതോട് കൂടി തന്നെ മഹാദളിതുകള്‍, ഒരു വിഭാഗം യാദവര്‍, വളരെ പിന്നോക്കക്കാര്‍ (ഇ.ബി.സി) സമുദായങ്ങള്‍ക്കിടയില്‍ ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് എംഎല്ലിന് ശക്തമായ വേരോട്ടം ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. നേരത്തെ നിതീഷ് കുമാറിന്റെ ജെഡിയുവിനെ പിന്തുണച്ചിരുന്നവരാണ് ഇതില്‍ യാദവര്‍ ഒഴിച്ചുള്ളവര്‍. ക്വിന്റുമായുള്ള ഇതേ അഭിമുഖത്തില്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരായ സജ്ജന്‍ കുമാറും രാജന്‍ പാണ്ഡെയും ചൂണ്ടിക്കാട്ടുന്നത് ബിഹാറിലെ ദളിതരുടെ രാഷ്ട്രീയ ഉണര്‍ച്ച ഉണ്ടായിട്ടുള്ളത് അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിലൂടെയല്ല, മറിച്ച് ഇടതു രാഷ്ട്രീയത്തിലൂടെയാണ് എന്നാണ്. ദളിത് സമുദായങ്ങളായ മുഷഹാറും ചമാറുകളും സിപിഐഎംഎല്ലിന്റെ പിന്നില്‍ അണിനിരക്കുന്നതിന്റെ കാരണവും ഇതാണെന്ന് അവര്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker