BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ പ്രതിപുരുഷനു പിടിവീണു, ന്യായീകരണങ്ങളുടെ മുനയൊടിഞ്ഞു, സിപിഎം പ്രതിരോധത്തില്‍

നാലരവര്‍ഷം നീണ്ട പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തില്‍ ഏറ്റവും നിര്‍ണായക ദിനമായിരുന്നു ഇന്നലെ. ഏറെ ന്യായീകരിച്ച് ചങ്കോട് ചെര്‍ത്തുപിടിച്ച മുഖ്യമന്ത്രിയുടെ മാത്രം പ്രതിപുരുഷനാണ് ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സിപിഎം എന്നാല്‍ കേരളത്തില്‍ പിണറായി വിജയനാണ് അന്തിമ വാക്കെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങെയുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഭരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിപുരുഷനായ സര്‍വ്വാധികാര്യക്കാരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പ്രതിരോധത്തിലാകുന്നത് മുഖ്യന്‍ മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎം തന്നെയാണ്. പാര്‍ട്ടി നേതാക്കളെയും അണികളെയും സൈബര്‍ പോരാളികളെയും കളത്തിലിറക്കി എത്രയൊക്കെ പ്രതിരോധം തീര്‍ത്താലും അതികഠിനമായ പ്രതിസന്ധിയിലൂടെ തന്നെയാണ് സിപിഎം കടന്നുപോകുന്നത് എന്നതാണ് വാസ്തവം.
സ്വര്‍ണ്ണക്കടത്ത് വിവാദം കത്തിയപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ എത്രവേണമെങ്കിലും വന്നോളൂ എന്നു പറഞ്ഞ പിണറായിയെ പരിചയാക്കിയായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം മുഴുവന്‍. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി കേന്ദ്ര ഏജന്‍സികള്‍ വരുകയും സ്വര്‍ണ്ണക്കടത്ത് എന്നത് പല വകഭേദങ്ങളായി മാറി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ എത്തി നില്‍ക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ സിബിഐയെ വിലക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. അതാകട്ടെ അന്വേഷണം വടക്കാഞ്ചേരി പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലൂടെ ലൈഫ് മിഷനിലേക്ക് കടന്നതോടെ. സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ട ലൈഫിനെ അന്വേഷണത്തിന് സിബിഐക്ക് വിലക്കില്ല താനും. ലൈഫ് മിഷനെതിരായ അന്വേഷണത്തിന് താത്കാലിക സ്റ്റേയുണ്ട്. ഇതിലും ശിവശങ്കറിന്റെ താത്പര്യവും ഇടപെടലും യുവി ജോസ് തന്നെ മൊഴിയായി നല്‍കിയിട്ടുണ്ട്.
മടിയില്‍ കനമില്ലാത്തവര്‍ പേടിച്ചാല്‍ മതി എന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അന്വേഷണം ശരിയായ വഴിക്കെന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആ ‘ശരിയായ’ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനിലാണ്.
സ്വപ്ന സുരേഷിനൊപ്പം ചടങ്ങില്‍ പങ്കെടുത്തത്തിനെ കുറിച്ച് ചോദ്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. എന്നാല്‍ രണ്ട് മാസം കഴിയുമ്പോള്‍ സ്വപ്ന തന്നെ പലതവണ മുഖ്യമന്ത്രിയെ കണ്ട കാര്യം മൊഴിയായി നല്‍കി. അപ്പോള്‍ സ്വപ്നയെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാമെന്നും യുഎഇ കോണ്‍സുലേറ്റിലെ പോയന്റ് ഓഫ് കോണ്‍ടാക്ടായി ശിവശങ്കറെ ചുമതലപ്പെടുത്തിയിരിക്കാം എന്ന് പറഞ്ഞു.
ആ പോയന്റ് ഓഫ് കോണ്‍ടാക്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. അത് സര്‍ക്കാരിന് ഒട്ടും ശുഭകരമായ വാര്‍ത്തയല്ല. സ്വപ്നയും സരിത്തും സന്ദീപും അറസ്റ്റിലായപ്പോഴും അത് ബാധിക്കില്ല എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടായിരുന്നു. ശിവശങ്കറിന്റെ അറസ്റ്റില്‍ ആ ന്യായീകരണം മതിയാകില്ല. ശിവശങ്കറിനെ തള്ളിപ്പറഞ്ഞാലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രക്ഷാധികാരിയായിരുന്ന ഐഎഎസ് ഓഫീസറാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സോളിസിറ്റര്‍ നടത്തിയ വാദത്തില്‍ സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്ന ഗുരുതരമായ കാര്യം ഉന്നയിച്ചിരുന്നു. ഇത് ശരിയെങ്കില്‍ അതും ഓഫീസ് ദുരുപയോഗം ചെയ്യുന്ന ആരോപണം ശരിവെക്കലാകും.
ഉദ്യോഗസ്ഥന്‍ ചെയ്യുന്ന തെറ്റിന് സര്‍ക്കാര്‍ എന്തുപഴിച്ചു എന്നാണ് സിപിഎം ചോദിക്കുന്നത്. സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല ശിവശങ്കര്‍. സംസ്ഥാനത്തെ ഏറ്റവും ശക്തനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പദവിയില്‍ താഴെയാണെങ്കിലും പവറില്‍ ചീഫ് സെക്രട്ടറിക്കും മുകളില്‍. കേവലം സ്വര്‍ണക്കടത്തിലും ലൈഫ് പദ്ധതിയിലും മാത്രമല്ല ശിവശങ്കറിന്റെ പങ്കില്‍ സംശയം ഉയരുന്നത്. അത് കെഫോണ്‍ പദ്ധതിയിലും ഐടി പാര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടിലേക്കും എല്ലാം സംശയത്തിന്റെ മുന നീളുന്നു.
സ്പ്രിംഗ്ലര്‍ ഇടപാട് വിവാദമായപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശിവശങ്കര്‍ സ്വയം രംഗത്തിറങ്ങി. കാനത്തെ ബോധ്യപ്പെടുത്താന്‍ എംഎല്‍ സ്മാരകത്തില്‍ പോകുന്നത് കണ്ടു. ശിവശങ്കര്‍ എല്ലാം വിശദീകരിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാം ഞാന്‍ നേരിട്ടാണ് ചെയ്തത് നിയമവകുപ്പ് കാണേണ്ട ഫയലാണ് എന്ന് തോന്നിയില്ല എന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞത്. കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ വച്ച കമ്മീഷന്‍ കണ്ടെത്തിയത് അടിമുടി വീഴ്ചകളാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പേഴ്‌സണ്‍ സ്റ്റാഫ് അംഗം ജോപ്പന്‍ അറസ്റ്റിലായിട്ട് ഉമ്മന്‍ ചാണ്ടി രാജിവെച്ചോ എന്നാണ് എ.കെ ബാലന്‍ ചോദിച്ചത്. ശരിയാണ് അത് ബാധകമാണെങ്കില്‍ പിണറായിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ ധാര്‍മ്മികതയില്ല താനും. ജോപ്പന്റെ കാര്യത്തില്‍ പ്രതികളുമായി നിരന്തരം ഫോണ്‍വിളിച്ചതായിരുന്നു അറസ്റ്റിലേക്ക് നയിച്ചത്. ജോപ്പന്‍ പി.എ ആയിരുന്നു. ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. വ്യത്യാസം ചെറുതല്ല. അതുകൊണ്ടുതന്നെ സിപിഎമ്മിനു പിടിച്ചു നില്‍ക്കാന്‍ എത്ര പ്രതിരോധം തീര്‍ക്കണം എന്നതാണ് നോക്കി കാണേണ്ടത്.

Related Articles

Back to top button