BREAKING NEWSKERALA

തിരുവനന്തപുരത്ത് വീണ്ടും എല്‍ഡിഎഫ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷകള്‍ വാടി എന്‍ഡിഎ. ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിജെപി ശക്തമായ മത്സരം കാഴ്ചവച്ചു. മേയര്‍ ശ്രീകുമാര്‍ കരിക്കകം വാര്‍ഡിലും മേയറാകുമെന്നു പ്രതീക്ഷിച്ച പുഷ്പലത നെടുങ്കാട് വാര്‍ഡിലും പരാജയപ്പെട്ടത് ഇടതുജയത്തിന്റെ മാറ്റു കുറച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുമെന്നു പ്രതീക്ഷിച്ച കോര്‍പറേഷനില്‍ തുടക്കം മുതല്‍ എല്‍ഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍പോലും വെല്ലുവിളി ഉയര്‍ത്തിയില്ല. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടാം മണിക്കൂറില്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് നേടി ഞെട്ടിച്ചെങ്കിലും പിന്നീട് എല്‍ഡിഎഫ് കളംപിടിച്ചു. ‘തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍’ എന്ന മുദ്രാവാക്യമാണ് ജില്ലാ ബിജെപി നേതൃത്വം ഉയര്‍ത്തിയിരുന്നത്. ആ പ്രതീക്ഷയ്‌ക്കൊപ്പം വോട്ടര്‍മാര്‍ പ്രതികരിച്ചില്ല.
കോര്‍പറേഷന്‍ ഭരണത്തിനെതിരായ വികാരം ജനങ്ങളില്‍ കാര്യമായില്ലെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സര്‍ക്കാരിനെതിരായ പ്രചാരണവും കോര്‍പറേഷനിലെ ജനം തള്ളി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളില്ലാതിരുന്നതും ചിട്ടയായ പ്രവര്‍ത്തനവും എല്‍ഡിഎഫിന്റെ വിജയത്തില്‍ പ്രധാനപ്പെട്ടതായി. കോര്‍പറേഷന്‍ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്കു തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി. ഈ വോട്ടുകള്‍ ലഭിക്കുമെന്ന യുഡിഎഫ് പ്രതീക്ഷകള്‍ വിലപ്പോയില്ല. അതേസമയം, സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതും പ്രധാന സ്ഥാനാര്‍ഥികളില്‍ ചിലര്‍ പരാജയപ്പെട്ടതും എല്‍ഡിഎഫിനു ക്ഷീണമായി.
വലിയ തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താന്‍ പോലും കഴിയാതെ മുന്നണി എന്‍ഡിഎയ്ക്കും പിന്നിലായി. സ്വര്‍ണക്കടത്ത് വിവാദം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണം നഗരമേഖലയിലെ ജനം കണക്കിലെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് യുദ്ധങ്ങളും പുറമേ കാണാനില്ലായിരുന്നെങ്കിലും താഴേത്തട്ടില്‍ അണികളെ സജ്ജരാക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. റിബല്‍ ശല്യവും പ്രശ്‌നമായി. തീരദേശമേഖലയില്‍ പലയിടത്തും മുന്നണിക്കു പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല.
ഭരണം പിടിക്കാനായില്ലെങ്കിലും കോര്‍പറേഷനില്‍ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്തിയതോടൊപ്പം എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളില്‍ കൂടുതലും എല്‍ഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും ചില മേഖലകളില്‍ തിരിച്ചടിയായി.
എല്‍ഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എന്‍ഡിഎയ്ക്കു 35ഉം കോണ്‍ഗ്രസിനു 21 സീറ്റും ലഭിച്ചു. എല്‍ഡിഎഫും എന്‍ഡിഎയും നിലമെച്ചപ്പെടുത്തിയപ്പോള്‍ യുഡിഎഫ് ശോഷിച്ചു. ആകെ നൂറ് സീറ്റുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിനു 51 സീറ്റാണ് വേണ്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker