ആലപ്പുഴ: നഗരസഭാ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് പ്രകടനംനടത്തിയ മൂന്നു ബ്രാഞ്ചുസെക്രട്ടറിമാരെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തടഞ്ഞു.
നെഹ്രുട്രോഫി വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചുസെക്രട്ടറിമാരായ സുകേഷ്, മനോജ്, പ്രദീപ് എന്നിവരെ പുറത്താക്കാനാണു തിങ്കളാഴ്ച ഏരിയ കമ്മിറ്റി തീരുമാനിച്ചത്. ഇവരില്‍നിന്ന് വിശദീകരണം തേടിയാല്‍ മതിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആലപ്പുഴ നഗരസഭ ഉള്‍പ്പെടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു നൂറുകണക്കിനു പരാതികളാണ് ഒറ്റദിവസംകൊണ്ട് ലഭിച്ചത്. ഇതിനാലാണ് തിരക്കിട്ടു നടപടിവേണ്ടെന്ന കര്‍ശനനിര്‍ദേശം സംസ്ഥാനനേതൃത്വം നല്‍കിയതെന്നറിയുന്നു.
പ്രകടനംനടത്തിയ സംഭവത്തില്‍ സി.പി.എം. സംസ്ഥാനസെക്രട്ടറി എ. വിജയരാഘവന് ജില്ലാഘടകത്തോടു റിപ്പോര്‍ട്ടുതേടിയിട്ടുണ്ട്. ഭരണാധികാരികളെ തീരുമാനിക്കുന്നതില്‍ ഘടകകക്ഷികളുമായിപ്പോലും തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്നു പാര്‍ട്ടി നിര്‍ദേശിച്ചിരിക്കെ സ്വന്തം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയത് പാര്‍ട്ടിയെ ഞെട്ടിച്ചു. പ്രാദേശികഘടകങ്ങള്‍ നിര്‍ദേശിച്ച കെ.കെ. ജയമ്മയ്ക്കുപകരം സൗമ്യാരാജിനെ നഗരസഭാ ചെയര്‍പേഴ്സണാക്കിയതില്‍ പ്രതിഷേധിച്ചാണു സ്ത്രീകളടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ തിങ്കളാഴ്ച നഗരത്തില്‍ പ്രകടനംനടത്തിയത്. അനുഭാവികളെക്കൂടാതെ 46 പാര്‍ട്ടിയംഗങ്ങളും മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും പ്രകടനത്തില്‍ ഉണ്ടായിരുന്നു. നെഹ്രുട്രോഫി വാര്‍ഡില്‍ ജനകീയ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് അണികളോടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.