തിരുവനന്തപുരം: തദ്ദേശവോട്ടിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സമിതി. ഓരോ ജില്ലയില്‍നിന്നുള്ള തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരിശോധന. ജമാഅത്തെ ഇസ്ലാമിക്കെതിരേ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്കു ഗുണംചെയ്തു. ക്രൈസ്തവ, മുസ്ലിം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ മുന്നണിക്കു കഴിഞ്ഞത് ഇതുകൊണ്ടാണ്. അതേസമയം, നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പി.യിലേക്കു മാറുന്നത് പരിശോധിക്കേണ്ടതാണെന്നും സി.പി.എം. വിലയിരുത്തി.
ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനത്തിലും അവര്‍ക്കെതിരായ പ്രചാരണത്തിലും മാറ്റംവരുത്തേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെയും വര്‍ഗീയതയുടെ അടയാളമാക്കി മാറ്റാന്‍ എല്‍.ഡി.എഫ്. പ്രചാരണത്തിനു കഴിഞ്ഞു. ഇത് യു.ഡി.എഫിന് വോട്ടുചോര്ച്ചയുണ്ടാക്കിയെന്നു മാത്രമല്ല, മുസ്ലിം വിഭാഗത്തിലെ മതേതര വോട്ടുകള്‍ ഇടതുപക്ഷത്തേക്കു മാറാനും കാരണമായി. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതതേര നിലപാടിനെക്കൂടി ഇല്ലാതാക്കുന്നതായെന്നും സമിതി വിലയിരുത്തി.
ലീഗിന്റെ നിലപാട് സംശയത്തിലായതാണ് ക്രൈസ്തവ വിഭാഗത്തെ ഇടതുപക്ഷത്തോട് അടുപ്പിച്ച ഒരു ഘടകം. മുസ്ലിം വര്‍ഗീയത ഒരു പ്രശ്നമായി ഉയരുമ്പോള്‍ ഹിന്ദുവോട്ടുകള്‍ ബി.ജെ.പി.ക്ക് അനുകൂലമായി മാറുമോയെന്ന ആശങ്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഇടതുപക്ഷത്തിന് അനുകൂലമായി മാറി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇടതുപക്ഷത്തിനു വോരോട്ടമുണ്ടായ തിരഞ്ഞെടുപ്പാണിതെന്നും ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. വോട്ടുകള്‍ ബി.ജെ.പി.ക്ക് അനുകൂലമായി മാറുന്നുണ്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. അതേസമയം, ബി.ജെ.പി.ക്കുണ്ടാകുന്ന വളര്‍ച്ച ചില മേഖലകളില്‍ മാത്രമാണ്. ഇതൊരു രാഷ്ട്രീയമാറ്റമായി കാണാനാവില്ല.
ചില മേഖലകളില്‍ വൈകാരിക വിഷയങ്ങളുന്നയിച്ചാണ് ബി.ജെ.പി. എത്തുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെങ്കിലും രാഷ്ട്രീയമായ വെല്ലുവിളി ബി.ജെ.പി. ഉയര്‍ത്തുന്നുവെന്നു കരുതാനാവില്ലെന്നാണ് യോഗത്തിലുണ്ടായ അഭിപ്രായം. മതേതര നിലപാടിലൂന്നിയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചും നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടണമെന്നാണ് നേതാക്കളുടെ നിര്‍ദേശം.
പ്രാദേശികതലത്തില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു. ആലപ്പുഴയില്‍ ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഒരുവിഭാഗം പ്രകടനം നടത്തി. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലപ്പുഴയില്‍നിന്നുള്ള നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലും പ്രാദേശിക തര്‍ക്കങ്ങളുണ്ട്. ഇതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തര്ക്കംതീര്ത്ത് മുന്നേറണമെന്നതാണ് നേതൃത്വത്തിന്റെ നിര്‍ദേശം. ചര്‍ച്ച ഞായറാഴ്ചയും തുടരും. ഇതിനൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള പരിപാടികള്‍ക്കും രൂപംനല്‍കും.