ദില്ലി: കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം സിസിയില്‍ വിലയിരുത്തല്‍. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണം. ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാന്‍ സംസ്ഥാന ഘടകത്തിനായില്ല. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ വിമര്‍ശനവുമുയര്‍ന്നു. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വാദത്തോട് ചര്‍ച്ചയില്‍ കെകെ ശൈലജ യോജിച്ചു.
കോണ്‍ഗ്രസിനോട് ചേര്‍ന്നുള്ള ദേശീയ ലൈന്‍ തിരിച്ചടിക്കിടയാക്കിയെന്ന് പി രാജീവ് വാദിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായതിനാല്‍ ജനങ്ങള്‍ ഒപ്പം നിന്നില്ലെന്നും കോണ്‍ഗ്രസ് അനുകൂല നയം തിരുത്തണം എന്ന് കേരള ഘടകത്തിന്റെ വികാരവും രാജീവ് അറിയിച്ചു. കേരളത്തിന്റെ നിലപാടിനോട് വിയോജിച്ച ഉത്തരേന്ത്യന്‍ നേതാക്കള്‍ രാജസ്ഥാനില്‍ പാര്‍ട്ടിക്ക് സീറ്റു നേടാനായത് ചൂണ്ടിക്കാട്ടി. പികെ ശ്രീമതിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിലെ തിരുത്തല്‍ നടപടിക്ക് പ്രത്യേക രേഖ വന്നേക്കും എന്ന് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങാന്‍ ധാരണയായി.
ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശക്തമായ നപടികള്‍ ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര കമ്മറ്റി വ്യക്തമാക്കി. കേരളത്തില്‍ അടക്കം അകന്നുപോയവരെ തിരികെ കൊണ്ടുവരാന്‍ നടപടിയുണ്ടാകും. ഇതിനായി മാര്‍ഗരേഖ തയാറാക്കും എന്നും നേതാക്കള്‍ പറഞ്ഞു.
1,091 Less than a minute