KERALABREAKING NEWSLATEST

ലീഗിനെതിരേ കണ്ണൂരില്‍ കൊലവിളിയുമായി സിപിഎം പ്രകടനം

കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രമായ മയ്യില്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം. കയ്യുംകാലും കൊത്തി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടുമെന്നും കൊല്ലേണ്ടവരെ കൊന്നിട്ടുള്ള പ്രസ്ഥാനമാണെന്നുമായിരുന്നു മുദ്രാവാക്യത്തിലെ കൊലവിളി. തിരഞ്ഞെടുപ്പു ദിവസം യുഡിഎഫ് ബൂത്ത് ഏജന്റിനെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രവര്‍ത്തകര്‍ക്കു മയ്യില്‍ ചെറുപഴശ്ശിയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രകടനവും മുദ്രാവാക്യം വിളിയും.
ചെറുപഴശ്ശിയിലെ യുഡിഎഫ് ബൂത്ത് ഏജന്റും ലീഗ് പ്രവര്‍ത്തകനുമായ വി.പി.സുബൈറിനെ ആക്രമിച്ച കേസില്‍ ലോക്കല്‍ സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.നാസര്‍ എന്നിവരുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാര്‍ഡില്‍ ലീഗാണു ജയിച്ചത്. ജാമ്യം ലഭിച്ച് തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്കു നല്‍കിയ സ്വീകരണത്തിലാണു പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ന്നത്. സ്വീകരണമേറ്റുവാങ്ങിയ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മുപ്പതോളം പേരാണു പ്രകടനത്തില്‍ പങ്കെടുത്തത്. 18 വാര്‍ഡുകളുള്ള മയ്യില്‍ പഞ്ചായത്തില്‍ ഇത്തവണ 16 വാര്‍ഡിലും എല്‍ഡിഎഫാണു ജയിച്ചത്.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നു യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രവര്‍ത്തകര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കുമെന്നും മയ്യില്‍ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍:
കയ്യും കൊത്തി കാലും കൊത്തി
പച്ചക്കൊടിയില്‍ പൊതിഞ്ഞു കെട്ടി
ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍
ഞങ്ങള്‍ക്കാളെ കൊല്ലണമെങ്കില്‍
പാണക്കാട്ടില്‍ പോകേണ്ട
ട്രെയിനിങ്ങൊന്നും കിട്ടേണ്ട
കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍
തല്ലേണ്ടവരെ തല്ലും ഞങ്ങള്‍
കൊന്നിട്ടുണ്ടീ പ്രസ്ഥാനം
ഓര്‍ത്തുകളിച്ചോ തെമ്മാടികളേ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker