BREAKING NEWSKERALA

ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന് ഊന്നല്‍ നല്‍കാന്‍ സി.പി.എം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകപ്രക്ഷോഭമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന് ഊന്നല്‍ നല്‍കാന്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ (സി.സി.) തീരുമാനം. തൊഴിലാളികര്‍ഷക ഐക്യത്തിനുപുറമേ ബഹുജനവിഭാഗങ്ങളെ അണിനിരത്തിയുള്ള പ്രചാരണപരിപാടികള്‍ നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം.
കാര്‍ഷികനിയമങ്ങള്‍, ഭരണഘടനയെ തകര്‍ക്കല്‍, സാമ്പത്തികനയം, വര്‍ഗീയധ്രുവീകരണം, പൊതുമുതല്‍ കൊള്ളയടിക്കല്‍, വിലക്കയറ്റം, തൊഴില്‍നിയമങ്ങള്‍ റദ്ദാക്കല്‍, സ്വകാര്യവത്കരണം എന്നീ വിഷയങ്ങളാവും ഉയര്‍ത്തിക്കാട്ടുക. ഇതിനുമുന്നോടിയായി എല്ലാ പാര്‍ട്ടിഘടകങ്ങളിലും ഫെബ്രുവരി രണ്ടാംവാരംമുതല്‍ രണ്ടാഴ്ച നീളുന്ന പ്രചാരണം നടത്താനും തീരുമാനിച്ചു.
കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള അനുകൂലമായ അന്തരീക്ഷമുണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. ഇടതുഭരണം വീണ്ടും ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവും. പശ്ചിമബംഗാളില്‍ ഇടത്ജനാധിപത്യബദലിനുവേണ്ടിയും തമിഴ്‌നാട്ടില്‍ ഡി.എം.കെ. മുന്നണിയുടെ വിജയം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. അസമില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും പരിശ്രമിക്കും. സ്ഥാനാര്‍ഥിനിര്‍ണയം സംസ്ഥാനതല വിഷയമായതിനാല്‍ അക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തില്ല. തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതു പോലുള്ള അനിവാര്യഘട്ടങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാവുമെന്ന് സി.പി.എം. വൃത്തങ്ങള്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള സംഘടനാനടപടികള്‍ തുടങ്ങും. ജൂലായ് ആദ്യവാരംമുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. അടുത്തവര്‍ഷം ഫെബ്രുവരി അവസാനത്തോടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ധാരണ. വേദി പിന്നീട് തീരുമാനിക്കും. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടിവന്നു.
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിനുപിന്നില്‍ ബി.ജെ.പി.ക്കും പങ്കുണ്ടെന്നാണ് ആരോപണം. കര്‍ഷകസമരത്തെ അടിച്ചമര്‍ത്തുന്നത് കേന്ദ്രവും ഡല്‍ഹി പോലീസും അവസാനിപ്പിക്കണം. കര്‍ഷകനേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കണം. കര്‍ഷകസമരങ്ങള്‍ റിപ്പോര്‍ട്ടുചെയ്തവരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്തതും സമൂഹമാധ്യമങ്ങളിലെ ട്വീറ്റിന്റെ പേരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഭരണകൂട അതിക്രമങ്ങളാണെന്ന് സി.പി.എം. കുറ്റപ്പെടുത്തി. കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker