BREAKING NEWSKERALALATEST

വിശ്വാസികളെ ഇറക്കി വിശ്വാസം നേടാന്‍ സിപിഎം

കോട്ടയം: വിശ്വാസികളെ ഇറക്കി വിശ്വാസം നേടാന്‍ സിപിഎം ശ്രമംതുടങ്ങി. താഴേത്തട്ടില്‍ അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരില്‍ക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളില്‍ ഈ പ്രവര്‍ത്തനം ശക്തമായി നടത്തും. ചെറിയ കൂട്ടായ്മകള്‍, കുടുംബയോഗങ്ങള്‍ എന്നിവ വിളിച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശാലവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ഔദ്യോഗികമായ ഘടനയോ ഭാരവാഹികളോ ഉണ്ടാകില്ല.
ക്ഷേത്രസമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അനുഭാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി മാതൃകയാക്കാവുന്നവ സ്വീകരിക്കും. സംഘര്‍ഷമോ പ്രദേശത്ത് അലോസരമോ ഇല്ലാത്തവിധംവേണം ഇത് നടപ്പാക്കാന്‍.
സംഘപരിവാര്‍ വിട്ടുവന്നവരെ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കും. ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടണമെന്ന് പ്രാദേശികനേതാക്കളോട് നിര്‍ദേശിച്ചു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. പ്രാദേശികപാര്‍ട്ടിനേതാക്കള്‍ സമുദായയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബി.ജെ.പി. ഭരണം പിടിച്ചെടുത്ത പന്തളത്ത് ഈ പ്രവര്‍ത്തനം മുന്നോട്ടുപോയിട്ടുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങള്‍ പൂര്‍ത്തിയായി. ശബരിമലവിവാദമുണ്ടായ സമയത്ത് അകന്നുപോയവരെ നേരില്‍ക്കാണുന്നത് തുടരുകയാണ്. പാര്‍ട്ടി അനുഭാവികളായ വിശ്വാസികളെ ഒപ്പംചേര്‍ത്താണ് ഈ കൂടിക്കാഴ്ച. ഏതുരീതിയിലാണ് തെറ്റിദ്ധാരണയുണ്ടായത്, മാറിപ്പോകാന്‍ കാരണമെന്ത്, സി.പി.എം. എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഇവരോട് ചോദിച്ചറിയുന്നുണ്ട്. ഒരു വിശ്വാസത്തിനും പാര്‍ട്ടി എതിരല്ലെന്ന സന്ദേശംനല്‍കും. വിവിധ മതവിശ്വാസങ്ങളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളും ഓര്‍മിപ്പിക്കും.

Related Articles

Back to top button