BREAKING NEWSKERALALATEST

ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരാണു പറഞ്ഞത് ?: വിജയരാഘവന്‍

കോഴിക്കോട്: പിഎസ്‌സി സമരക്കാരുമായി ചര്‍ച്ച വേണമെന്നു സിപിഎം സര്‍ക്കാരിനെ ഉപദേശിച്ചതിന്റെ തൊട്ടടുത്ത ദിവസം സമരക്കാരെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.
സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്നു പാര്‍ട്ടി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയെന്ന് ആരാണു പറഞ്ഞത്? അങ്ങനെ ഒരു തീരുമാനമുണ്ടോ എന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കണമെന്ന് വിജയരാഘവന്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ക്കു ന്യായീകരണം നല്‍കുകയല്ല സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജോലി. സമരം തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കണമെന്നതാണ് ലോകനിയമം. കാലഹരണപ്പെട്ട റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് സമരം നടത്തുന്നത്. അവരുടെ ആവശ്യങ്ങളൊന്നും പ്രായോഗികമല്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
കേരള തീരത്തു മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണാ പത്രം ഒപ്പുവച്ചു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വസ്തുതയില്ല. കമ്പനി താല്‍പര്യം അറിയിച്ചപ്പോള്‍ സ്വാഭാവികമായുള്ള തുടര്‍ നടപടികള്‍ മാത്രമാണ് എടുത്തത്. ഉള്ളടക്കം പരിശോധിക്കാന്‍ പറയുക മാത്രമാണു ചെയ്തത്. കേരളത്തിലെ മത്സ്യബന്ധന മേഖല നവീകരിക്കപ്പെടേണ്ടതുണ്ട് എന്നു തന്നെയാണ് അഭിപ്രായം. അതിനു വേണ്ടി മത്സ്യത്തൊഴിലാളികള്‍ക്കു പരിശീലനം നല്‍കുന്നതില്‍ തെറ്റില്ല. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

Related Articles

Back to top button