KERALALATEST

ആലപ്പുഴയിലെ പോസ്റ്റര്‍ വിവാദം തെഞ്ഞെടുപ്പിനെ ബാധിച്ചെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച് സലാം

ആലപ്പുഴ: സിപിഎമ്മിലെ പോസ്റ്റര്‍ വിവാദം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥി. മന്ത്രി ജി സുധാകരന്റെ പോസ്റ്റര്‍ നശിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന് എച്ച് സലാം പറഞ്ഞു. എ എം ആരിഫിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പുതിയ പോസ്റ്റുകള്‍ ഇറക്കുന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം ശരിവെയ്ക്കുന്നു. സംഭവിച്ചതെല്ലാം പാര്‍ട്ടി പരിശോധിക്കണമെന്നും സലാം പറഞ്ഞു.
ജി സുധാകരനെ മാറ്റി നിര്‍ത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പോസ്റ്റര്‍ വിവാദം തലപൊക്കിയത്. എ എം ആരിഫിനൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് മന്ത്രി ജി സുധാകരനൊപ്പമുള്ള പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. സുധാകരന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം നിലനിന്ന മണ്ഡലത്തില്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പുണ്ടായ സംഭവം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല എന്നാണ് ഇടതുസ്ഥാനാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍.
വിവാദം നവ മാധ്യമങ്ങളിലും വാര്‍ത്തകളിലും ഇടം പിടിച്ചു. എന്താണ് സംഭവിച്ചതെന്ന് താന്‍ ആവശ്യപ്പെടാതെ തന്നെ പാര്‍ട്ടി പരിശോധിക്കണമെന്നും സലാം പറഞ്ഞു. എ എം ആരിഫ് പോസ്റ്ററുകള്‍ ഇറക്കിയ സംഭവത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചന ഉണ്ടായില്ലെന്ന ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം സലാമും ശരിവെയ്ക്കുന്നു.

Related Articles

Back to top button