തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം കണ്ണൂരിലെ സിപിഎം നേതൃത്വവുമായി വളരെ അടുപ്പമുള്ള വ്യക്തിയിലേക്ക്. തലശേരി സ്വദേശിയായ ഇദ്ദേഹത്തിന് നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇദ്ദേഹത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ അധികം വൈകാതെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും. കണ്ണൂരില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ഒരു മന്ത്രി പുത്രന് നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ആദ്യകാലത്ത് ചെറുകിട കരാര്‍ ജോലികളാണ് ഇദ്ദേഹം ചെയ്തിരുന്നത്. എന്നാല്‍ കണ്ണൂരിലെ സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം ഇദ്ദേഹത്തിന്റെ വ്യവസായത്തിന് ഗുണമായി. ഇതോടെ ഇദ്ദേഹത്തിന്റെ വ്യവസായ ലോകം അഭിവൃദ്ധി പ്രാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ്, ക്വാറികള്‍ തുടങ്ങി നിരവധി വന്‍കിട കരാര്‍ ജോലികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കളുടെയും ബിനാമിയായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പിണറാജി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മകളുടെ കല്യാണവിരുന്ന് സംഘടിപ്പിച്ചത് ഈ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇദ്ദേഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചത്.