BREAKINGKERALA

‘അടിസ്ഥാനജനവിഭാഗത്തിന് ക്ഷേമം മുടക്കരുത്’; സര്‍ക്കാരിന് മാര്‍ഗരേഖയുമായി സി.പി.എം

തിരുവനന്തപുരം: എല്ലാമാസവും മുടങ്ങാതെ ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യണം. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, പരമ്പരാഗത തൊഴിലാളികള്‍, പട്ടികവിഭാഗക്കാര്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികയാകരുത്. സര്‍ക്കാര്‍ജീവനക്കാരുടേത് അടക്കമുള്ളവരുടെ കുടിശ്ശികയായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം -ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി മറികടക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സി.പി.എം. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങളാണ് ഇവയെല്ലാം.
മുഖംമാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരത്തേ നിയമസഭയില്‍ പ്രഖ്യാപിച്ചതിനാല്‍, സംസ്ഥാനസമിതിയോഗത്തില്‍ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉണ്ടായില്ല. അടിസ്ഥാനജനവിഭാഗങ്ങള്‍ അകന്നുപോയതാണ് ഇടതുപക്ഷത്തിന്റെ പരാജയം കടുത്തതാക്കിയതെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്.
സമൂഹത്തിലെ അടിത്തട്ടിലുള്ള 30 ശതമാനം ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ ശക്തിയായി നിലകൊള്ളുന്നത്. ഈ വിഭാഗത്തിനുള്ള ഒരു ആനുകൂല്യവും ഇനി മുടക്കരുത്. ക്ഷേമപെന്‍ഷന്‍ എല്ലാമാസവും മുടങ്ങാതെ നല്‍കുകയും കുടിശ്ശിക തദ്ദേശതിരഞ്ഞെടുപ്പ് അടുക്കുന്നതിനുമുന്‍പ് തീര്‍ക്കുകയും വേണമെന്നാണ് നിര്‍ദേശം.

പാര്‍ട്ടിയിലെ തിരുത്തല്‍

നഗരമേഖലയിലെ പാര്‍ട്ടിപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം. ഇതിന് നഗരത്തിന്റെ സ്വഭാവമനുസരിച്ചുള്ള പ്രചാരണരീതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്താന്‍ എന്തുചെയ്യാനും മടിയില്ലാത്ത മാധ്യമശൃംഖലയാണ് ഇവിടെയുള്ളതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശദീകരിച്ചത്. ഇതിനെ പ്രതിരോധിക്കാന്‍ നവമാധ്യമങ്ങളിലൂടെയുള്ള ആശയപ്രചാരണം ശക്തിപ്പെടുത്തും.
പരാതികളില്ലാത്തതും വിവാദങ്ങളൊഴിവാക്കുന്നതും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാത്തതുമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥി-യുവജന സംഘടനകളിലൂടെ ഏറ്റെടുക്കണം. എസ്.എഫ്.ഐ.ക്കെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണിത്.
മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും ജനകീയശുചീകരണപ്രവര്‍ത്തനം പ്രഖ്യാപിക്കും. ഇത് യുവജന-വിദ്യാര്‍ഥി സംഘടനകളും പാര്‍ട്ടിപ്രവര്‍ത്തകരും ഏറ്റെടുത്ത് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രനിലപാടിനെതിരേയുള്ള പ്രചാരണം തിരഞ്ഞെടുപ്പുഘട്ടത്തില്‍ മാത്രമല്ലെന്നത് ബോധ്യപ്പെടുത്തി കൂടുതല്‍ സമരം ഏറ്റെടുക്കണം

Related Articles

Back to top button