ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനം പോരെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ പൊതുസമീപനത്തിന് എതിരാണ് എംഎല്‍എമാരുടെ അഭിപ്രായം. ധന ആരോഗ്യ വകുപ്പുകള്‍ സമ്പൂര്‍ണ പരാജയമാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ഇതിനിടെ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എംഎല്‍എമാര്‍ രംഗത്തെത്തി. മലബാറില്‍ വോട്ട് കുറഞ്ഞത് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച് സലാം എംഎല്‍എ ചോദിച്ചു. സലാമിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും രംഗത്തെത്തി. കെസി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന്‍ വിജയിക്കുമായിരുന്നു. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. എഎം ആരിഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു. ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്തത്തോടെ തോല്‍വിയുടെ പ്രഹരം കൂടി. ആലപ്പുഴയില്‍ തോമസ് ഐസക് മത്സരിക്കണമായിരുന്നു. ജി സുധാകരനെ പോലെയുള്ളവരെ അനുനയിപ്പിക്കണമായിരുന്നു. തോല്‍വിയില്‍ വെള്ളാപ്പള്ളിക്ക് പങ്കില്ല.അടിസ്ഥാന വര്‍ഗം വിട്ടു നിന്നുവെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി സൂചന നല്‍കിയിരുന്നു. ഇനിയും വെള്ളാപ്പള്ളിയെ പിണക്കേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
ഈഴവ വോട്ടുകള്‍ മാത്രമല്ല നഷ്ടമായത്. മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും കയര്‍ തൊഴിലാളികളും ഉള്‍പ്പടെ അടിസ്ഥാന വര്‍ഗം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് അകന്നു.
തെരഞ്ഞെടുപ്പ് ദിവസത്തെ ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.
1,116 1 minute read