കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരത്ത് സിപിഎം സ്ഥാപിച്ച ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ വഴിത്തിരിവ്. ബസ് സ്റ്റോപ്പ് തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് നാദാപുരം പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാദാപുരത്തെ കോണ്‍ഗ്രസ്, എല്‍ജെഡി, മുസ്ലീംലീഗ് ഓഫീസുകള്‍ അക്രമിച്ച സംഭവത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകരാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച ബസ് സ്റ്റോപ്പും തകര്‍ത്തത്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച കേസില്‍ പൊലീസ് പിടിയിലായ സിപിഎം പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ആണ് ബസ് സ്റ്റോപ്പ് തകര്‍ത്തതും ഇവര്‍ തന്നെയാണെന്ന് വ്യക്തമായത്.
വെള്ളൂര്‍ സ്വദേശികളായ പി. ഷാജി (32), സി.കെ. വിശ്വജിത്ത് (32), മുടവന്തേരി സ്വദേശി എം. സുഭാഷ് (39) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ് ഷാജി.