തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. ഇടത് മുന്നണി കണ്‍വീനര്‍ പാര്‍ട്ടി വളയത്തിന് പുറത്താണെന്നും, വിവാദ വ്യക്തിത്വങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ട്ടി രീതിക്കും പദവിക്കും നിരക്കാത്തതാണെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. വിവാദ റിസോര്‍ട്ട് ഇടപാടിലും ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നു.
ജയരാജന്റെ പേരിലുയര്‍ന്ന ബിജെപി ബന്ധ വിവാദം അടക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. നല്‍കിയ പരാതിക്ക് പോലും മറുപടി കിട്ടിയില്ലെന്നും ആക്ഷേപമുണ്ടായി. വിവധ വകുപ്പുകളിലുള്ള മന്ത്രിമാരുടെ പ്രകടനം പോരെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം മെച്ചമല്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ജനങ്ങളുമായി ബന്ധം വയ്ക്കുന്നില്ല. വകുപ്പുകള്‍ ഭരിക്കുന്നത് പേഴ്‌സണല്‍ സ്റ്റാഫുകളാണ്. ആഭ്യന്തര വകുപ്പില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്നും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
നേരത്തെ സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വിദേശ യാത്രാ വിവാദം മുതല്‍ മൈക്ക് വിവാദമടക്കം വിമര്‍ശന വിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമര്‍ശനം ഉയര്‍ന്നു. പൊതു സമൂഹത്തിലെ ഇടപെടല്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയില്‍ നിര്‍ദേശങ്ങള്‍ വന്നിരുന്നു
1,272 Less than a minute