തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമര്‍ശിച്ച് അംഗങ്ങള്‍. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നുമാണ് യോഗത്തിലെ പൊതുവായ വിലയിരുത്തല്‍.
ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ശൈലിയിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പാര്‍ട്ടിയുടെ നയസമീപനങ്ങളിലും ഉണ്ടായ പാളിച്ചകളില്‍ ഊന്നിയായിരുന്നു സംസ്ഥാന സമിതിയില്‍ പ്രതിനിധികള്‍ സംസാരിച്ചത്. ഭരണ വിരുദ്ധ വികാരം അല്ല തോല്‍വിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തോല്‍വിയുടെ കാരണങ്ങളില്‍ ഒന്ന് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിരോധം ആണെന്ന് ചില അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സിപിഐയില്‍ ഉയര്‍ന്നതുപോലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമര്‍ശനമുണ്ടായി. കനത്ത തോല്‍വി കാരണം ഭരണ വിരുദ്ധ വികാരം ആണെന്ന വിമര്‍ശനമുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. നവ കേരള സദസ്സ് വേണ്ടത്ര ഗുണം ചെയ്തില്ല എന്നാണ് എംവി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. സംസ്ഥാന കമ്മിറ്റി നാളെ അവസാനിക്കും. അതിനുശേഷം ആയിരിക്കും തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി തയ്യാറാക്കുക. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ചില നേതാക്കന്മാര്‍ക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചര്‍ച്ചയായി. നേതാക്കന്മാരുടെ പേര് പറയാതെയായിരുന്നു പരാമര്‍ശം.
1,123 1 minute read