BREAKINGKERALA

തിരഞ്ഞെടുപ്പ് തോല്‍വി; സി.പി.എമ്മിലെ അതൃപ്തി പുറത്തേക്ക്, പരസ്യമായി പ്രകടിപ്പിച്ച് ഐസക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ചൂട് സര്‍ക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളില്‍ അതൃപ്തി കനംവെക്കുന്നു. തിരുത്തുമെന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു.
തോല്‍വിയുടെ കാരണംതേടി പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാന്‍ കഴിയാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി നേതൃഘടകം മാറുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.
ഇടതുവോട്ടുകള്‍ കൂട്ടത്തോടെ ചോര്‍ന്നതിന്റെ അസ്വാരസ്യങ്ങള്‍ ആലപ്പുഴയില്‍ പുകയുന്നുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന നിലപാട് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയില്‍ ഉയര്‍ത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പനെതിരേ അവിടെ കടുത്ത വിമര്‍ശനമാണുണ്ടായത്.
എന്തുകൊണ്ട് തോറ്റുവെന്നതിന്, കേന്ദ്രഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്ന മുഖ്യമന്ത്രിയുടെ തിയറി ഭൂരിപക്ഷം നേതാക്കള്‍ക്കും അത്രയ്ക്ക് ദഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സമീപനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഇടതുവിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പാര്‍ട്ടിയോഗത്തില്‍ ഉയരാനിടയില്ലെന്ന കാര്യം അവര്‍തന്നെ സൂചിപ്പിക്കുമ്പോഴാണ് ഐസക്കിന്റെ പ്രതികരണം. ഇനി സംസ്ഥാന കമ്മിറ്റി ഇതിനെ എങ്ങനെ പരിശോധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. .
ഇടതുവോട്ടുകള്‍ ചോര്‍ന്നുപോയതിന്, പ്രവര്‍ത്തകരുടെ പെരുമാറ്റശൈലി തൃപ്തികരമല്ലാത്തതാണോ, അഴിമതി സംബന്ധിച്ചുള്ള പല ആക്ഷേപങ്ങളും വന്നതിലുള്ള ദേഷ്യമാണോ, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അനിഷ്ടമാണോ, കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെവന്നപ്പോഴുള്ള ദേഷ്യമാണോ എന്നെല്ലാം പരിശോധിക്കണമെന്നാണ് ഐസക് പറഞ്ഞത്. ഇതിലേറെയും മുഖ്യമന്ത്രിക്ക് കൊള്ളുന്നതുമാണ്.
തിരഞ്ഞെടുപ്പിനുമുമ്പ് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രധാനം മാസപ്പടിയാണ്. ഇത് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേയുള്ളതാണ്. പെരുമാറ്റശൈലിയിലും വിമര്‍ശനം നേരിടുന്നതും പ്രധാനമായും മുഖ്യമന്ത്രിയാണ്.
ഐസക് ചൂണ്ടിക്കാട്ടിയ, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അനിഷ്ടവും പാര്‍ട്ടിയെ ബാധിക്കുന്ന കാരണമല്ല. അതിനാല്‍, തിരുത്തേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന ചര്‍ച്ചയിലേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള മുന്നൊരുക്കമാകുമോ ഐസക്കിന്റെ വിമര്‍ശനം എന്നതും ഇനി അറിയാനിരിക്കുന്നതേയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button