ഇടുക്കി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികദിനത്തില്‍ എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. ഇടുക്കി പെരുവന്താനത്താണ് സംഭവം. കൊടി ഉയര്‍ത്തല്‍ വിവാദമായതോടെ ലോക്കല്‍ സെക്രട്ടറി പരസ്യക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ പാര്‍ട്ടി നിര്‍ദേശപ്രകാരം ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു.
ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയനു കീഴിലെ പെരുവന്താനം 561ാം നമ്പര്‍ ശാഖയുടെ പ്രാര്‍ത്ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടി ഉയര്‍ത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്എന്‍ഡിപി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കല്‍ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കണമെന്നും എസ്എന്‍ഡിപി നേതൃത്വം നിലപാടെടുത്തു. തുടര്‍ന്ന് ലോക്കല്‍ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ ടി രവിക്ക് മാപ്പപേക്ഷ എഴുതിനല്‍കി. ഹൈറേഞ്ച് യൂണിയന് ഓഫീസില്‍ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നടന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രാജി നല്‍കുകയും ചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പെരുവന്താനം എസ്എന്‍ഡിപി യോഗം 561ാം നമ്പര്‍ ശാഖയുടെ പ്രാര്‍ത്ഥനാ യൂണിറ്റിന്റെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ നടപടി പ്രാകൃതവും സാംസ്കാരിക കേരളത്തിന് തന്നെ അപമാനവുമാണെന്ന് ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന് കൗണ്‍സില്‍. സാമൂഹിക സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതില്‍ കൗണ്‍സില്‍ അതൃപ്തി അറിയിച്ചു. യൂത്ത് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എസ്എന്‍ഡിപിയുടെ കൊടി ഉയര്‍ത്തി.