തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍തന്നെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം. കോഴിക്കോട്ടെ പലനേതാക്കള്‍ക്കെതിരേയും മറ്റുപല ആരോപണങ്ങളും ഉയരാന്‍ സാധ്യതയുണ്ടെന്നത് മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
പരാതി പുറത്തുന്നയിക്കുന്ന സ്ഥിതി ഇല്ലാതാക്കാന്‍ ഒത്തുതീര്‍പ്പിന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ രംഗത്തുണ്ട്. പ്രശ്‌നം വഷളാവാതിരിക്കാന്‍ പാര്‍ട്ടി പതിവ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ഒഴിവാക്കി. അതേസമയം, ഇക്കാര്യം ഗൗരവത്തോടെയാണ് സംസ്ഥാനനേതൃത്വം കാണുന്നത്. തട്ടിപ്പുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.
ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച പരാതി ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ഓഫീസിലും പരിസരത്തും നേതാക്കള്‍ക്കൊപ്പവും നിരന്തരസാന്നിധ്യമായി നില്‍ക്കുന്നതാണ് ‘കോക്കസ്’ ആരോപണത്തിന്റെ അടിസ്ഥാനം. കോഴവാങ്ങിയ ഏരിയാകമ്മിറ്റി അംഗവും ഇതിന്റെ ഭാഗമാണെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടി അന്വേഷണം കടുപ്പിച്ചാല്‍ പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലേക്കും അത് എത്തുമെന്നതാണ് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ‘ബിസിനസ്’ ക്ലാസിലുള്ളവര്‍തന്നെ രംഗത്തിറങ്ങിയത്. പരാതി പുറത്തുവരില്ലെന്ന് ഉറപ്പാക്കിയതോടെയാണ് ആരോപണവിധേയനായ നേതാവ് പരസ്യമായി പ്രതികരിച്ചതെന്നാണ് സൂചന. പണം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ പരാതിക്കാരും രംഗത്തുവരില്ല.
പി.എസ്.സി. അംഗത്വത്തിന് കോഴവാങ്ങിയെന്നകാര്യം പുറത്തുവന്നതോടെ കോഴിക്കോട്ട് പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വന്‍കിട ഇടപാടുകളുടെ വിവരങ്ങളാണ്. ഭൂമി ഇടപാടുകള്‍, ക്വാറി ഇടപാടുകള്‍, വന്‍കിട കെട്ടിടനിര്‍മാതാക്കളുമായുള്ള ചങ്ങാത്തം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുനല്‍കുന്ന ഇടപാടുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്.
ചില ക്വാറി ഇടപാടുകളിലും നേതാക്കളുടെപേരില്‍ ആരോപണമുണ്ട്.
78 1 minute read