മലപ്പുറം: വെട്ടം പഞ്ചായത്തില്‍ സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമകാര്യ സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ കമ്മിറ്റിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ട് അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണുള്ളത്. ചെയര്‍പേഴ്സണ്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ വെല്‍ഫെയര്‍ അംഗം ആയ ഷംല സുബൈര്‍ കെ.ടി. റുബീനക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
20 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പതും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് വെല്‍ഫെയര്‍ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ഇടത് അംഗത്തെ പ്രാദേശിക നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ വെല്‍ഫെയര്‍ പിന്തുണ തേടിയില്ലെന്നും വെല്‍ഫെയര്‍ സ്വതന്ത്ര അംഗം വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് സിപിഎം.വിശദീകരണം.
വെട്ടം പഞ്ചായത്തില്‍ നാല്പതു വര്‍ഷമാണ് യു.ഡി.എഫായിരുന്നു ഭരണകക്ഷി. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി രജനി മുല്ലയിലും തെരെഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായാണ് ഇടതു മുന്നണി ഭരണത്തിലെത്തിയത്.
നേരത്തെ പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. രണ്ടാം തവണ നടത്തിയ വോട്ടെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ടെ സി പി എം അംഗം പ്രസിഡന്റായി എസ് ഡി പി ഐ പിന്തുണച്ചതിന്റെ പേരില്‍ രാജിവച്ചു. സി പി എം അംഗം ബിനു ജോസഫാണ് രണ്ടാം തവണയും പ്രസിഡന്റായ ഉടന്‍തന്നെ സ്ഥാനം രാജിവച്ചത്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി പി എം അംഗം ജമീല ബീവിയും സ്ഥാനം ഉപേക്ഷിച്ചു. ഡിസംബര്‍ 30ന് നടന്ന ആദ്യ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താല്‍ ഇവര്‍ ഇരുവരും രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഇന്നലെ വീണ്ടും നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
എല്‍ ഡി എഫ് 5, എന്‍ ഡി എ 5, യു ഡി എഫ് 2, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അഞ്ചും സി പി എമ്മിന് നാലും അംഗങ്ങളാണുള്ളത്. സിപിഐ, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ഒന്നുവീതമാണ് അംഗബലം.