തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എണ്ണിയെണ്ണി അതിരൂക്ഷ വിമര്‍ശനം. വിദേശ യാത്രാ വിവാദം മുതല്‍ മൈക്ക് വിവാദമടക്കം വിമര്‍ശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമര്‍ശനം ഉയര്‍ന്നു. പൊതു സമൂഹത്തിലെ ഇടപെടല്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയില്‍ നിര്‍ദേശങ്ങള്‍ വന്നു.
കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടെ്, ശൈലജയെ ഒതുക്കാനാണ് വടകരയില്‍ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമര്‍ശവും സമിതിയില്‍ ഉയര്‍ന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് നേരെയും വിമര്‍ശനം ഉയര്‍ന്നു. ദല്ലാള്‍ ബന്ധം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിമര്‍ശനം. മേയര്‍- സച്ചിന്‍ദേവ് വിവാദത്തില്‍ കടുത്ത വിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്. വിവാദം പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇതിനെ പിന്തുണക്കരുതായിരുന്നുവെന്നും വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമ്പൂര്‍ണ പരാജയമായിരുന്നു എന്നും ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു
അതേസമയം മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ജില്ലാ കമ്മിറ്റിയിലുയരുന്ന വിമര്‍ശനങ്ങള്‍ തമസ്‌കരിക്കപ്പെടരുതെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ ധനവകുപ്പിന് നേരെയും വിമര്‍ശനമുയര്‍ന്നു. അത്യാവശ്യങ്ങള്‍ക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലെയ്‌കോ പ്രതിസന്ധിയും ഒഴിവാക്കേണ്ടിയിരുന്നു എന്നും സമിതി വിമര്‍ശനമുയര്‍ത്തി.
ജനവിശ്വാസം തിരിച്ച് പിടിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. മുന്‍ഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണം. ഈഴവ വോട്ടില്‍ വന്‍തോതില്‍ ചോര്‍ച്ച ഉണ്ടായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. വിവിധ വിഷയങ്ങളില്‍ തെറ്റുതിരുത്തല്‍ മാര്‍ഗ്ഗരേഖ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയിലുയര്‍ന്ന നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരിക്കും ഇത്.
1,113 1 minute read