കോഴിക്കോട്: കെകെ ലതികയ്‌ക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഎം. കാഫിര്‍ വിഷയത്തില്‍ കെകെ ലതികയും എല്‍ഡിഎഫും നടത്തിയത് സദുദ്ദേശപരമായ ഇടപെടലാണ്. അതിന്റെ പേരില്‍ അവരെ വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് നീക്കം എന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കൃത്യമായ അന്വേഷണം വേണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ വളരെ മ്ലേച്ഛമായ നിലയില്‍ വര്‍ഗ്ഗീയവിദ്വേഷം ആളിക്കത്തിക്കുന്നതിനുതകുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യുഡിഎഫ് വടകരയില്‍ നടത്തിയത്. മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പേജ് ദുരുപയോഗിച്ചും, റിപ്പോര്‍ട്ടര്‍ ചാനല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ.ശൈലജ ടീച്ചറുമായി നടത്തിയ അഭിമുഖം തെറ്റായി ചിത്രീകരിച്ചും, അഭിവന്ദ്യനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ലെറ്റര്‍ ഹെഡ് കൃത്രിമമായി ഉണ്ടാക്കിയും മറ്റും ഇക്കൂട്ടര്‍ നടത്തിയ ഒട്ടേറേ പ്രചാരണങ്ങള്‍ ഇതിനുദാഹരണമാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.
ഇതിനു പുറമെ ശൈലജ ടീച്ചര്‍ക്കെതിരെ വൃത്തികെട്ട അശ്ലീല പ്രചാരണവും നടത്തുകയുണ്ടായി. ഇതിനെല്ലാം എതിരെ അതാത് ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് ‘കാഫിര്‍’ പ്രയോഗമടങ്ങിയ പരാമര്‍ശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതികളും നല്‍കിയിട്ടുണ്ട്.
ഇത്തരം വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന സന്ദേശത്തോടെ, സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശപരമായ ഇടപെടലാണ് കെകെ.ലതികയും എല്‍ഡിഎഫുമെല്ലാം വടകരയില്‍ നടത്തിയത്. കെകെ.ലതിക ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫ് ഒന്നാകെയും എക്കാലത്തും മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നവരെന്ന കാര്യം നാടിനാകെ ബോധ്യമുള്ളതാണ്.
വര്‍ഗ്ഗീയവിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ പരാതികളില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ സഖാവ് കെകെ.ലതികയെ വ്യക്തിഹത്യ നടത്തുന്ന നിലയില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അസംബന്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ലതികയെയും അതിലൂടെ സിപിഎമ്മി നെയും എല്‍ഡിഎഫിനേയും കരിവാരി തേക്കാനുള്ള നീക്കം ജനങ്ങള്‍ തിരിച്ചറിയും. കൃത്യമായ അന്വേഷണത്തിലൂടെ വര്‍ഗ്ഗീയവിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് പങ്കുവച്ച വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
1,114 1 minute read