ആലപ്പുഴ/ കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്നത് വലിയ വിമര്‍ശനം. ഏറ്റവുമൊടുവില്‍ ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികള്‍ക്കും ചിലമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പാര്‍ട്ടി സെക്രട്ടറിക്കെതിരെയും വിമര്‍ശനമുയര്‍ന്നത്.
മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാര്‍ട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയര്‍ന്നു. വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല.
വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമര്‍ശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. നവകേരള സദസ്സ് വേദിയില്‍ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായി. പാര്‍ട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങള്‍ വിശ്വസിനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുണ്ടായി.
1,075 Less than a minute