തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോലിയില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനങ്ങളെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാല്‍ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കു പലവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കും. അതു കണക്കിലെടുക്കണം. കോവിഡ് വ്യാപനം തടയുന്നതിന് അതത് ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം കടിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി വിലയിരുത്തി. ഈ നിലപാടായിരിക്കും സര്‍വകക്ഷി യോഗത്തില്‍ സിപിഎം സ്വീകരിക്കുക.