ബെംഗലൂരു: കാഴ്ചപരിമിതര്‍ക്കായുള്ള നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ഹരിയാനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 10 വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 15.1 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 205 റണ്‍സ് നേടി ഹരിയാന വിജയിച്ചു. കേരളത്തിനായി ക്യാപ്റ്റന്‍ മനീഷ് 77 റണ്‍സും വിഷ്ണു എന്‍ കെ 47 റണ്‍സും നേടി. മറുപടി ബാറ്റിങ്ങില്‍ ഹരിയാനക്കായി ക്യാപ്റ്റന്‍ ദീപക് മാലിക്ക് 115 റണ്‍സും രോഹിത് ശര്‍മ്മ 53 റണ്‍സും നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് നാഗേഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്.