അഹമ്മദാബാദ്:വെറും രണ്ടു ദിവസം കൊണ്ട് ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ച് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കി. പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 49 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തി. 15 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 25 റണ്‍സെടുത്ത രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ 7.4 ഓവറില്‍ വിജയത്തിലെത്തിച്ചു. സ്കോര്‍ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം
ആദ്യ ഇന്നിങ്സില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 145 റണ്‍സിന് ഓള് ഔട്ടായി. 33 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ വെറും 81 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 49 റണ്‍സായി. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 21 ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാം.
ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ടിന്നിങ്സുകളില്‍ നിന്നുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 81 റണ്‍സിന് ഇന്ത്യ പുറത്താക്കി. 32 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും 48 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ആര് അശ്വിനും ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിച്ചിച്ചീന്തി.
25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. രണ്ടാം ദിനം 17 വിക്കറ്റുകളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വീണത്. ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരേ ടെസ്റ്റില്‍ നേടുന്ന ഏറ്റവും ചെറിയ സ്കോറാണിത്.
ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബൗളര്‍മാര്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിച്ചു. രണ്ടാം ഇന്നിങ്സില്‍ സ്പിന്നര്‍മാരെ മാത്രമാണ് ബൗള്‍ ചെയ്യാനായി നായകന് കോലി നിയോഗിച്ചത്. അത് ഫലം കാണുകയും ചെയ്തു. ഇന്ത്യയുടെ 33 റണ്‍സ് ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി.
ആദ്യ ഓവറിലെ ആദ്യ പന്തില്‍ സാക്ക് ക്രോളിയെ (0) മടക്കിയ അക്ഷര്‍ മൂന്നാം പന്തില്‍ ബെയര്‍സ്റ്റോയെ (0) വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ട് സ്കോര്‍ പൂജ്യം റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ഇരുവരെയും അക്ഷര്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന സിബ്ലിറൂട്ട് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കേ ഏഴുറണ്‍സെടുത്ത സിബ്ലിയെ അക്ഷര്‍ പുറത്താക്കി. വലിയൊരു ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ബാറ്റിലുരസിയ ബോള്‍ ഋഷഭ് പന്ത് കൈയ്യിലൊതുക്കി.
പിന്നീട് ക്രീസിലെത്തിയ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ടീം സ്കോര്‍ 50 കടത്തി. എന്നാല്‍ സ്കോര്‍ 50 ല്‍ നില്‍ക്കെ 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇത് 11ാം തവണയാണ് സ്റ്റോക്സ് അശ്വിന് മുന്നില്‍ കീഴടങ്ങുന്നത്. നായകന് ജോ റൂട്ടിനൊപ്പം 31 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്റ്റോക്സ് പുറത്തായത്. സ്റ്റോക്സ് പുറത്തായതിനുപിന്നാലെ റൂട്ടിനും അടിതെറ്റി. 19 റണ്‍സെടുത്ത ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അക്ഷര്‍ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് വലിയ അപകടം മണത്തു.
പിന്നീട് വന്ന ഒലി പോപ്പ് 12 റണ്‍സെടുത്തെങ്കിലും താരത്തെ അശ്വിന് ബൗള്‍ഡാക്കി. പിന്നാലെ വന്ന ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന് ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടം ആഘോഷിച്ചു.വെറും 77 മത്സരങ്ങളില്‍ നിന്നാണ് അശ്വിന് 400 വിക്കറ്റ് സ്വന്തമാക്കിയത്. മുത്തയ്യ മുരളീധരന് ശേഷം അതിവേഗത്തില്‍ 400 വിക്കറ്റെടുക്കുന്ന താരം എന്ന റെക്കോഡും അശ്വിന് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 72 മത്സരങ്ങളില്‍ നിന്നാണ് മുരളീധരന് 400 വിക്കറ്റ് നേടിയത്.
ഒടുവില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റിങ് പ്രതീക്ഷയായ ബെന്‍ ഫോക്സിനെ മടക്കി അക്ഷര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്സിലും അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. തുടര്‍ച്ചയായി മൂന്നാം ഇന്നിങ്സിലാണ് താരം അഞ്ചുവിക്കറ്റ് വീഴ്ത്തുന്നത്. ഈ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലുമാണ് അക്ഷര്‍ അഞ്ചുവിക്കറ്റ് വീതം വീഴ്ത്തിയത്.
അധികം വൈകാതെ അശ്വിന് ജാക്ക് ലീച്ചിനെയും വാഷിങ്ടണ്‍ സുന്ദര്‍ ജെയിംസ് ആന്‍ഡേഴ്സനെയും പറഞ്ഞയച്ച് ഇംഗ്ലണ്ടിനെ 81 റണ്‍സിന് ചുരുട്ടിക്കെട്ടി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 112 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബൗളര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ ശിഥിലമാക്കിയത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് അഞ്ചുവിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ജാക്ക് ലീച്ച് നാലുവിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ആര്‍ച്ചര്‍ വീഴ്ത്തി. റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. വെറും 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകന് അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്.
99 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ദിനം ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
സ്കോര്‍ 114ല്‍ നില്‍ക്കേ രഹാനെയെ പുറത്താക്കി ഇംഗ്ലണ്ട് രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഏഴുറണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ രോഹിത്തിനെയും പുറത്താക്കി ലീച്ച് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.സ്വീപ് ഷോട്ടിന് ശ്രമിച്ച താരത്തെ ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. 96 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്.
പിന്നാലെയെത്തിയ ഋഷഭ് പന്തിനും അധികം പിടിച്ചു നില്ക്കാനായില്ല. മത്സരത്തില്‍ ആദ്യമായി പന്തെറിയാനെത്തിയ ഇംഗ്ലീഷ് നായകന് ജോ റൂട്ട് തന്റെ ആദ്യ ബോളില്‍ തന്നെ പന്തിനെ (1) മടക്കി. പന്തിന്റെ ബാറ്റിലുരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ഫോക്സ് കൈയ്യിലൊതുക്കി.
തൊട്ടടുത്ത ഓവറില്‍ റൂട്ട് കൂടുതല്‍ അപകടകാരിയായി. 45ാം ഓവറിലെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ (0) ക്ലീന്‍ ബൗള്‍ഡാക്കിയ റൂട്ട് മൂന്നാം പന്തില്‍ അക്ഷര്‍ പട്ടേലിനെയും (0) പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതോടെ ഇന്ത്യ 125 ന് എട്ട് എന്ന ദയനീയമായ നിലയിലെത്തി.
പിന്നീട് ക്രീസിലെത്തിയ അശ്വിന് ഒറ്റയാള്‍ പോരാട്ടത്തിലൂടെ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 134ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി റൂട്ട് മത്സരത്തിലെ നാലാം വിക്കറ്റ് വീഴ്ത്തി. അശ്വിന് ഉയര്‍ത്തിയടിച്ച പന്ത് ക്രോളി അനായാസം കൈയ്യിലൊതുക്കി. ഇതോടെ ഇന്ത്യ 134 ന് 9 എന്ന നിലയിലേക്ക് വീണു. പിന്നാലെയെത്തിയ ബുംറയെ കൂട്ടുപിടിച്ച് ഇഷാന്ത് റണ്‍സ് നേടാന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 145ല്‍ എത്തിച്ചു. എന്നാല്‍ ഒരു റണ്‍സെടുത്ത ബുംറയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജോ റൂട്ട് മത്സരത്തിലെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.