LATESTCRICKETSPORTS

കൊല്‍ക്കൊത്തയെ പിടിച്ചുകെട്ടി; മുംബൈയ്ക്കു 10 റണ്‍സ് ജയം

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലില്‍ ആദ്യജയം സ്വന്തമാക്കി . മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കൊത്തയ്ക്ക് 142 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. അര്‍ധ സെഞ്ചുറി നേടിയ നിതീഷ് റാണയും (57) ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മാത്രമാണ് കൊല്‍ക്കൊത്ത നിരയില്‍ പൊരുതുവാനുണ്ടായിരുന്നത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍ പിന്നീടുവന്നവര്‍ക്ക് രണ്ടക്കം കടക്കാന്‍പോലുമായില്ല. അവസാന ഓവറില്‍ കൊല്‍ക്കൊത്തയ്ക്കു ജയിക്കാന്‍ 15 റണ്‍സ്. ആന്ദ്രേ റസലിനേയും പാറ്റ് കമ്മിന്‍സിനേയും തറപറ്റിച്ച് ബോള്‍ട്ട് നാല് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. തോല്‍വി പ്രതീക്ഷിച്ച മുംബൈയ്ക്കു ആവേശ ജയമാണ് സമ്മാനിച്ചത്.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും (56) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും (43) ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 പന്തില്‍ 76 റണ്‍സ് സ്‌കോര്‍ ചെയ്തു.
രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലാണ് മുംബൈയെ തകര്‍ത്തത്. മുംബൈയുടെ വാലറ്റത്തെ റസല്‍ അരിഞ്ഞുതള്ളി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റാണ് റസല്‍ വീഴ്ത്തിയത്. പാറ്റ് കമ്മിന്‍സ് രണ്ടും പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Related Articles

Back to top button