ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ കാത്തിരുന്ന നിമിഷത്തിനാണ് കഴിഞ്ഞ ദിവസം ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ക്രിസ്റ്റ്യാനോ നൂറു ഗോളുകള്‍ പൂര്‍ത്തിയാക്കി. യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ചാണ് പോര്‍ച്ചുഗീസ് താരം ഗോള്‍വേട്ടയില്‍ സെഞ്ചുറി കണ്ടെത്തിയത്. 165 മത്സരങ്ങളില്‍ നിന്നാണ് പോര്ച്ചൂഗസ് താരത്തിന്റെ നേട്ടം.
യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകള്‍ നേടുന്നത്. ലോക ഫുട്ബോളില്‍ ഇത് രണ്ടാം തവണയും. ഇറാന്റെ ഇതിഹാസ താരം അലി ദെ മാത്രമാണ് ഇനി ക്രിസ്റ്റിയാനോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ദെ ഇറാനായി നേടിയിട്ടുള്ളത്. യൂറോപ്പില്‍ ഹംഗറിയുടെ ഇതിഹാസതാരം പുഷ്കാസ് നേടിയ 84 ഗോളുകളാണ് ക്രിസ്റ്റിയാനോയ്ക്ക് പിന്നിലുള്ളത്.
ക്രൊയേഷ്യയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ സ്വീഡനെതിരേ കളത്തിലിറങ്ങിയ പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 21 ഷോട്ടുകളാണ് മത്സരത്തിലാകെ പോര്‍ച്ചുഗല്‍ ഉതിര്‍ത്തത്. മത്സരത്തിന്റെ 44ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സെവന്‍സന്‍ പുറത്തായതോടെ സ്വീഡന് പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ ഫ്രീ കിക്കിലൂടെ പോര്‍ച്ചുഗലിന് ലീഡ് നല്കി.
72ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോളുമെത്തി. ബോക്സിന് പുറത്തുനിന്ന് വലങ്കാലന്‍ ഷോട്ടിലൂടെ ക്രിസ്റ്റിയാനോ തന്റെ 101ാമത്തെ ഗോള്‍ കണ്ടെത്തി. ലീഗ് എയില്‍ ഗ്രൂപ്പ് സിയില്‍ കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച പോര്‍ച്ചുഗല്‍ ആണ് നിലവില്‍ ഒന്നാമത്.