KERALALATEST

കര്‍ട്ടനിട്ട് മന്ത്രിമാരും ഇനി പറക്കേണ്ട, മന്ത്രി വാഹനത്തിലെ കര്‍ട്ടനും കൂളിങ് ഫിലിമും നീക്കണമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യാന്‍ ടൂറിസം വകുപ്പിനു ഗതാഗത വകുപ്പ് നോട്ടിസ് നല്‍കി. വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കറുത്ത ഫിലിമും കര്‍ട്ടനും നീക്കം ചെയ്യുന്ന ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നല്‍കുന്നത് ടൂറിസം വകുപ്പാണ്.
സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികള്‍ക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകള്‍ നിയമപ്രകാരം മറയ്ക്കാന്‍ കഴിയൂ. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഇളവ്. മന്ത്രിമാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നോട്ടിസ് നല്‍കിയത്. ഇന്നും മിക്ക മന്ത്രിമാരും കര്‍ട്ടനുകള്‍ ഉപയോഗിച്ച് മറച്ച കാറുകളിലാണ് നിയമസഭയിലെത്തിയത്. എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരോടെല്ലാം കര്‍ട്ടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗതാഗക വകുപ്പ്.
വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടര്‍ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്. ഇതു തടയാനാണ് 17 മുതല്‍ രണ്ടാഴ്ചത്തേയ്ക്കു ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചത്. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ഫോട്ടോ എടുത്ത് ഇ ചെല്ലാന്‍ വഴി കുറ്റപത്രം തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫിലിമും കര്‍ട്ടനും നീക്കാന്‍ വിസമ്മതിക്കുന്ന വാഹനങ്ങളുടെ റസിസ്‌ട്രേഷന്‍ റദ്ദു ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. അത്തരം വാഹനങ്ങള്‍ക്കു വിലക്കും ഏര്‍പ്പെടുത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker