തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാദ്ധ്യതയുളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 470 കിലോമീറ്റര്‍ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ ദൂരത്തിലുമുളള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ശ്രീലങ്കന്‍ തീരം കടക്കും.
ഡിസംബര്‍ മൂന്നിന് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുളള സുരക്ഷിത തീരത്ത് എത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജില്ലയില്‍ ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ ഡി ആര് എഫ് സംഘം ജില്ലയിലെത്തി. മലയോര മേഘലകള്‍, അപകടസാദ്ധ്യത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന് ബാലുവിന്റെ നേതൃത്വത്തിലുളള ഇരുപത് പേരാണ് സംഘത്തിലുളളത്.
അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. ഡിസംബര്‍ അഞ്ച് വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത ഏറെ ഉള്ളതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത ഉള്ളത്.
മനുഷ്യ ജീവനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ പൊതു ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്