ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ ഹാഥ്രസ് പീഡനക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയരുന്നതിനിടെ രാജ്യത്ത് ദളിത് സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകളില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ദേശീയതലത്തില്‍ ദളിത് സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകള്‍ 7.3 ശതമാനം വര്ധനിച്ചെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.
2018നെ അപേക്ഷിച്ച് 2019ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍ പ്രദേശാണെന്ന് എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 11,829 കേസുകളാണ് ഉത്തര്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. ദേശീയ തലത്തിലുള്ള എണ്ണത്തിന്റെ 25.8 ശതമാനമാണിത്. ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന കേസുകളില്‍ രാജസ്ഥാനു പിന്നിലായി രണ്ടാമതാണ് ഉത്തര്‍ പ്രദേശിന്റെ സ്ഥാനം.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ഒരു വര്‍ഷത്തിനിടെ 3.5 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2018ല്‍ ഒരു ലക്ഷം സ്ത്രീകളില്‍ 58.8 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കഴി്ഞ വര്‍ഷം ഇത് 62.4 ആയി ഉയര്‍ന്നു. ബലാത്സംഗ പരാതികളുമായി രാജ്യത്ത് ഇരകള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തുന്ന 88 സംഭവങ്ങള്‍ ഓരോ ദിവസവും രാജ്യത്ത് നടക്കുന്നുണ്ട്. ഹാഥ്രസ് സംഭവത്തിനു ശേഷം മാത്രം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കപ്പെട്ട രണ്ട് കേസുകള്‍ രാജ്യത്ത് ദേശീയതലത്തില്‍ വാര്‍ത്തയായി.
ദളിതര്‍ക്കെതിരായ അതിക്രമങ്ങളിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ഏറ്റവും മുന്നില്‍ ഉത്തര്‍ പ്രദേശാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെ 14.7 ശതമാനവും യുപിയിലാണ്. ഇതിനു തൊട്ടുപിന്നില്‍ രാജസ്ഥാനുമുണ്ട് 10.2 ശതമാനം. ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നില്‍ ഉത്തര്‍ പ്രദേശും (3065) മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനില്‍ ഒരു ലക്ഷം പേരില്‍ 15.9 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പോലീസ് സ്റ്റേഷനിലെത്തുന്ന കേസുകള്‍ മാത്രം പരിഗണിച്ചുള്ള കണക്കാണിത്.
2018ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യത്ത് 3,78,236 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ 2019ല്‍ ഇത് 4,05,861 ആയി ഉയര്‍ന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മിക്ക കേസുകളിലും പ്രതികള്‍ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ആണെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം കേസുകളില്‍ 30.9 ശതമാനവു ഇത്തരത്തിലുള്ളതാണ്. ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള സംഭവങ്ങളല് 21.8 ശതമാനം കേസുകളും സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് 17.9 ശതമാനവും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. മൊത്തം കേസുകളില്‍ 7.9 ശതമാനമാണ് ബലാത്സംഗക്കേസുകള്‍.