BREAKINGKERALA
Trending

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം/കൊച്ചി: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപകനാശം. മഴക്കെടുതിയില്‍ ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത്.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന(51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ ഉയര്‍ത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്.
പെരിയാറില്‍ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തിയായതോടെയാണ് 15 ഷട്ടറുകളും ഉയര്‍ത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകള്‍ 5 മീറ്റര്‍ വീതവും മറ്റ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്

Related Articles

Back to top button