ഭാര്യയെ നൃത്തം ചെയ്യാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ അമ്മായിഅപ്പനും അളിയനും ചേര്‍ന്ന് തല്ലി. സംഭവം നടന്നത് ബിഹാറിലാണ്. ഭര്‍ത്താവ് ഒരു റിട്ട. സൈനികനാണ്. ഒരു വിവാഹച്ചടങ്ങിനാണ് ഇയാളുടെ ഭാര്യ അപരിചിതനൊപ്പം നൃത്തം ചെയ്തത്. നൃത്തം ചെയ്ത പാട്ട് അത്ര നല്ലതല്ല എന്നും ഭര്‍ത്താവ് ആരോപിച്ചു.
ഇതോടെ ദേഷ്യം വന്ന ഭര്‍ത്താവ് ഭാര്യയോട് ഡാന്‍സും പിന്നാലെ പാട്ടും നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തത്രെ. ദേഷ്യം വന്ന ഭാര്യ വീട്ടില്‍ പോയി തന്റെ അച്ഛനോടും ആങ്ങളയോടും പരാതി പറഞ്ഞു. പിന്നാലെ, അച്ഛനും ആങ്ങളയുമെത്തി സ്ത്രീയുടെ ഭര്‍ത്താവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് പരാതി. മൊജാഹിദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
മിര്‍സാപൂര്‍, സബൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബമാണ് ബന്ധുവിന്റെ വിവാഹത്തിനായി മൊജാഹിദ്പൂരില്‍ എത്തിയത്. പരിപാടിക്കിടെ റിട്ട. സൈനികനായ റോഷന്‍ രഞ്ജന്റെ ഭാര്യ അപരിചിതനോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു. റോഷന്‍ നൃത്തവും ഡിജെയും നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതുകണ്ട് ദേഷ്യം വന്ന ഭാര്യ ഇക്കാര്യം തന്റെ അച്ഛനോടും സഹോദരനോടും പറയുകയും വീട്ടിലെത്തിയ ഇവര്‍ റോഷനെ മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി.
ഡയല്‍ 112 -ലാണ് റോഷന്‍ നിലവില്‍ ജോലി ചെയ്യുന്നത്. ”എന്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം അശ്ലീല ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുകയായിരുന്നു. ഞാനവളോട് ഇതേക്കുറിച്ച് ചോദിച്ചത് പിന്നീട് വഴക്കിന് കാരണമായി. വീട്ടിലെത്തിയപ്പോള്‍ അമ്മായിയപ്പനും അളിയനും ചേര്‍ന്ന് എന്നെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്റെ മകന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവനെയും മര്‍ദിച്ചു. ഞാന്‍ 112 -ലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്റെ ഫോണ്‍ പിടിച്ചുവാങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് തടയാന്‍ എന്റെ കാറിന്റെ ടയറുകളിലെ കാറ്റ് പോലും അഴിച്ചുവിട്ടു. എന്നാല്‍, ഇത്രയേറെ പരിക്കേറ്റിട്ടും മൊജാഹിദ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ എനിക്ക് കഴിഞ്ഞു, അവിടെവച്ചാണ് ഡയല്‍ 112 വഴി എന്നെ ആശുപത്രിയിലേക്ക് അയക്കുന്നത്” എന്നാണ് റോഷന്‍ പറയുന്നത്.
എന്നാല്‍, സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി എസ്പി രാജ് പറയുന്നത്.
77 1 minute read