മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലെ വര്‍ളി പ്രദേശത്തെ റബിയ മാന്ഷന്, മറിയം ലോഡ്ജ്, സീ വ്യൂ എന്നീ കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. ഇഡി നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ സ്വത്തുക്കളെല്ലാം ചേര്‍ന്ന് 500 കോടിയുടെ മൂല്യമുള്ളതാണ്.
കള്ളക്കടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും എതിരായ രണ്ട് കേന്ദ്ര നിയമങ്ങള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. ഇതോടെ ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കൈമാറ്റങ്ങളും ഇടപാടുകളും അസാധുവായതായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 500 കോടി രൂപയാണെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
2013 ല്‍ ലണ്ടനില്‍ വച്ച് മരണമടഞ്ഞ മിര്ച്ചിക്കെതിരേ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. മുംബൈയിലും പരിസരത്തും മിര്‍ച്ചിക്ക് സ്വന്തം പേരിലല്ലാതെയും വിവിധ സ്വത്തുക്കള്‍ ഉണ്ടെന്ന് ഏജന്‍സി ആരോപിച്ചിരുന്നു. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വാങ്ങിയതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് മിര്‍ച്ചിക്കും അയാളുമായി ബന്ധമുള്ളവര്‍ക്കുമെതിരെ ഇഡി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.