കൊച്ചി: പോലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെന്‍ഡ് ചെയ്തു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങറെയുടേതാണ് വിവാദ നടപടി. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് സസ്പെന്‍ഷനെന്നാണ് ഉത്തരവില്‍ പറയുന്നത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെയാണ് ഡിസിപി സസ്പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ സി പി രഘുവിനെതിരെയാണ് നടപടി. ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെന്‍ഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവില്‍ പറയുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷന് കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നല്കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടു പിന്നാലെ ഉച്ചയോടെയെത്തിയ സസ്പെന്ഷന് ഓര്‍ഡര്‍ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം പോക്കറ്റില്നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തില്‍ പൊലീസ് നിലപാട്.
അതേ സമയം ഉദ്ഘടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെന്ഷന് എന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങള്‍ സ്ഥാപിച്ചത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങറെ ഇതാദ്യമായല്ല വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. നേരത്തെ ഒരു പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ തിരിച്ചറിയാതിരുന്ന വനിതാ പോലീസുകാരിക്കെതിരെയും ഇവര്‍ നടപടി എടുത്തിരുന്നു. ഇതിനെ ന്യായീകരിച്ച ഐശ്വര്യയുടെ നടപടി വീണ്ടും വിവാദമായി. ഇതിനെത്തുടര്‍ന്ന് കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നു.
മഫ്തി വേഷത്തിലെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ പൊലീസുകാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത് സേനയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ കയറിപ്പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്.
അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതെല്ലാം കണക്കാക്കുമ്പോള്‍ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നായിരുന്നു അന്ന് പോലീസുകാര്‍ ചൂണ്ടിക്കാട്ടിയ വാദം.