BREAKINGNATIONAL
Trending

ദുരന്തം ‘ആള്‍ദൈവത്തിന്റെ’ പരിപാടിയില്‍, മരണം 130; മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് വാദം, കൊവിഡിനുശേഷം പ്രസിദ്ധനായി

ഹാഥ്റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസ് ജില്ലയില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 130 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഫുലരി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകന്‍ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.
പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും ബാബയുടെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്.
‘സകാര്‍ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറില്‍ നടത്തിയ സത്സംഗത്തില്‍ പങ്കെടുക്കാന്‍ 15,000-ത്തോളം പേരെത്തിയിരുന്നു. സത്സംഗം നടത്താന്‍ താത്കാലികാനുമതി നല്‍കിയിരുന്നതായി അലിഗഢ് ഐ.ജി. ശലഭ് മതുര്‍ പറഞ്ഞു. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടുക്കം രേഖപ്പെടുത്തി.
ദുരന്തകാരണം അന്വേഷിക്കാന്‍ ആഗ്രാ മേഖലാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, പോലീസ് കമ്മിഷണര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. സംഘാടകര്‍ക്കെതിരേ കേസ്സെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയും സംസ്ഥാനസര്‍ക്കാരും സഹായധനം പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: യു.പി.യിലെ ഹാഥ്റസില്‍ ചൊവ്വാഴ്ച തിക്കിലും തിരക്കിലുംപെട്ട് 97 പേര്‍ മരിക്കാനിടയായ സത്സംഗം നടത്തിയത് സ്വയംപ്രഖ്യാപിത ആള്‍ദൈവം. ഭോലെ ബാബ എന്ന നാരായണ്‍ സാകറിന്റെ പ്രഭാഷണം കേള്‍ക്കാനാണ് പതിനായിരങ്ങള്‍ ഫുലരി ഗ്രാമത്തിലേക്കെത്തിയത്.
ഇയാള്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരുന്നെന്നാണ് അവകാശപ്പെടുന്നത്. 1990-ല്‍ ജോലിയുപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞിരുന്നത്. പടിഞ്ഞാറന്‍ യു.പി., ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് അനുയായികളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്തിനു ശേഷമാണ് ഭോലെ ബാബ കൂടുതല്‍ പ്രസിദ്ധനായത്.

Related Articles

Back to top button