BREAKING NEWSLATESTNATIONAL

അക്രമങ്ങള്‍ക്കു പിന്നില്‍ കര്‍ഷക നേതാക്കള്‍, രഹസ്യങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങള്‍ ഒളിക്കാന്‍ പാടുപെടും: ദീപ് സിദ്ധു

ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്നു ആരോപിക്കപ്പെടുന്ന പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേര്‍ത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും’. ദീപ് സിദ്ധു കര്‍ഷക നേതാക്കളോട് പറയുന്നു.
‘കര്‍ഷക സമരത്തില്‍ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.’ ദീപ് സിദ്ധു പറയുന്നു. താന്‍ ഇപ്പോഴും സിഘു അതിര്‍ത്തിയില്‍ തന്നെയാണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വിഡിയോയില്‍ താരം അവകാശപ്പെടുന്നു.
റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത നേതാക്കള്‍ പൊലീസ് നടപടി ആരംഭിച്ചപ്പോള്‍ കര്‍ഷകരെ തനിച്ചാക്കി ഭയന്ന് പിന്‍വാങ്ങിയെന്നും താരം ആരോപിച്ചു. ഞാനല്ല ആളുകളെ ചെങ്കോട്ടയിലേക്കു നയിച്ചത്. ചെങ്കോട്ടയിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നേതാക്കള്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെല്ലുത്താന്‍ നമുക്ക് സാധിക്കുമായിരുന്നു– ദീപ് സിദ്ധു പറഞ്ഞു. കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെ പിന്നില്‍ നിന്നു കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയിലായെന്നും ദീപ് സിദ്ധു പറയുന്നു.
ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കര്‍ഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാന്‍ നേതൃത്വം നല്‍കിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. എട്ടു മണിക്കൂറോളം പ്രധാനവേദിയില്‍ തങ്ങിയ സിദ്ധു ചെങ്കോട്ടയിലേക്ക് വലിയ തോതില്‍ മാര്‍ച്ച് നടത്തണമെന്നും വലിയ സംഭവങ്ങള്‍ക്കായി ഡല്‍ഹി കാത്തിരിക്കുന്നു തുടങ്ങിയ പ്രസ്താവനകള്‍ നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാന്‍ ഇടപെട്ടുവെന്നുമാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം. ദീപ് സിദ്ധു കര്‍ഷകരെ വഴിതെറ്റിച്ചുവെന്നായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുര്‍ം സിങ് ചദൂനിയുടെ ആരോപണം.

Related Articles

Back to top button