ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ അതിക്രമങ്ങളുടെ പേരില്‍ തന്നെ വിശ്വാസവഞ്ചകനെന്ന് വിളിക്കരുതെന്ന് സാമൂഹ്യപ്രവര്‍ത്തകനും നടനുമായ ദീപ് സിദ്ദു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി വഴിതിരിച്ചുവിട്ടതിനും ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിക്രമങ്ങള്‍ക്കും പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി ദീപ് സിദ്ദു ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സിദ്ദു നിഷേധിച്ചു. വ്യാഴാഴ്ച രാത്രി 2 മണിയോടെയായിരുന്നു സിദ്ദുവിന്റെ ഫെയ്സ്ബുക്ക് ലൈവ്. താന്‍ ഒളിവിലല്ലെന്നും ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ ഉണ്ടെന്നും ദീപ് സിദ്ദു ലൈവില്‍ പറയുന്നു.
‘ഞാന്‍ വിശ്വാസവഞ്ചകനല്ല, പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് നയിച്ചത് ഞാനല്ല. പഞ്ചാബില്‍ നിന്നെത്തിയ പ്രതിഷേധക്കാരാണ് ചെങ്കോട്ടയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. അവരെ ആരും നയിച്ചതല്ല’ ദീപ് സിദ്ദു പറഞ്ഞു.
‘ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ നടപടിയെ കര്‍ഷകനേതാക്കള്‍ പിന്തുണയ്ക്കണം. കാരണം പ്രതിഷേധം രേഖപ്പെടുത്താന്‍ മാത്രമായിരുന്നു അത്തരമൊരു തീരുമാനം. ത്രിവര്‍ണ പതാത ചെങ്കോട്ടയില്‍ നിന്ന് നീക്കിയിരുന്നില്ല. താന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ അക്രമം ഉണ്ടായിരുന്നില്ല. അന്നേദിവസം പ്രതിഷേധക്കാര്‍ ചെങ്കോട്ടയ്ക്ക് സമീപം നടത്തിയ നടപടികളെ കര്‍ഷക യൂണിയന് നേതാക്കള്‍ പിന്തുണച്ചാല്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാവുമെന്നും സിദ്ദു പറഞ്ഞു. ചെങ്കോട്ടയില്‍ വരെ എത്താന്‍ സാധിക്കുമെങ്കില്‍ പ്രതിഷേധത്തില്‍ എന്തും ചെയ്യാന്‍ കര്‍ഷകര്‍ക്ക് ആവുമെന്ന കാര്യം സര്‍ക്കാരിന് മനസ്സിലാക്കിക്കൊടുക്കണമെന്നും സിദ്ദു വീഡിയോയില്‍ പറയുന്നു.
കര്‍ഷക യൂണിയന് നേതാക്കളാണ് പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആളുകളെ ഡല്‍ഹിയിലേക്ക് വിളിച്ചത്. കേന്ദ്രത്തിന്റെ കണ്ണും കാതും തുറപ്പിക്കാന്‍ ഡല്‍ഹിയെ പ്രകമ്പനം കൊള്ളിക്കുമെന്നുപോലും അവര്‍ പറഞ്ഞിട്ടുണ്ട്. താന്‍ അവിടെ എത്തുന്നതിന് മുന്‍പേ തന്നെ ആയിരക്കണക്കിന് ജനങ്ങള്‍ ചെങ്കോട്ടയിലെത്തിയിരുന്നുവെന്നും സിദ്ദു പറയുന്നുണ്ട്.
ചെങ്കോട്ടയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ സിദ്ദുവാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വീഡിയോയുമായി ദീപ് സിദ്ദു രംഗത്തെത്തിയത്. സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.