ENTERTAINMENTBOLLYWOOD

വെടിക്കെട്ടൊരുക്കാന്‍ സൂര്യയും അക്ഷയ് കുമാറും ദീപാവലിക്ക് വരുന്നു

സിനിമാ പ്രേക്ഷകര്‍ തിയറ്ററുകള്‍ കൈയടക്കുന്ന ഉത്സവകാലങ്ങളിലൊന്നാണ് ദീപാവലി. സൂപ്പര്‍താരങ്ങളുടെ മാസ് സിനിമകള്‍ ഇറങ്ങുന്ന സമയം തിയറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് തിയറ്ററുകളിലെത്താന്‍ കഴിയില്ല. എന്നാല്‍ തീര്‍ത്തും നിരാശപ്പെടേണ്ട. ദിപാവലിയ്ക്ക് നിങ്ങളെ തേടി സൂപ്പര്‍ സിനിമകള്‍ എത്തുന്നു. അതും ഒടിടി പ്ലാറ്റ്‌ഫോമില്‍. സൂര്യ, അക്ഷയ് കുമാര്‍, നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ സിനിമകളാണ് ദീപാവലിക്ക് ഒടിടി റിലീസിങ്ങിനൊരുങ്ങുന്നത്.

കീര്‍ത്തി സുരേഷിന്റെ മിസ് ഇന്ത്യ
പെന്‍ഗ്വിന് ശേഷം മലയാളി താരം കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് മിസ് ഇന്ത്യ. നെറ്റ്ഫഌക്‌സില്‍ കഴിഞ്ഞ ദിവസം ചിത്രം റിലീസായി. ബഹുഭാഷാ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്
അക്ഷയ് കുമാര്‍ നായകനാകുന്ന ലക്ഷ്മി ബോംബ് നവംബര്‍ 9 ന് റിലീസാകും. ഹിന്ദി ഹൊറര്‍ കോമഡി ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ആന്തോളജി ചിത്രം ലൂഡോ
പേളി മാണി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഡാര്‍ക് കോമഡി വിഭാഗത്തിലുള്ള ബോളിവുഡ് ആന്തോളജി ചിത്രമായ ലൂഡോ നവംബര്‍ 12ന് നെറ്റ്ഫഌക്‌സിലൂടെ സ്ട്രീം ചെയ്യും. അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ താരങ്ങളും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

മൂക്കുത്തി അമ്മന്‍
നയന്‍താര മുഖ്യ കഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍. നവംബര്‍ 14ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ഈ ചിത്രമെത്തുക. തെലുങ്ക് ചിത്രം മാ വിന്ത ഗധ വിനുമയും നവംബര്‍ 13 നെത്തും. അഹ വീഡിയോയിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

സുരരൈ പോട്ര്
സൂര്യ നായകനാകുന്ന തമിഴ് ചിത്രം സുരരൈ പോട്ര് പ്രേക്ഷകരിലേക്കെത്തുന്നത് നവംബര്‍ 12 നാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളിതാരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. നവംബര്‍ 13 ന് ആമസോണ്‍ പ്രൈമിലൂടെ ഹിന്ദി ബ്ലാക്ക് കോമഡി ചിത്രം ഛലാങും എത്തും.

Related Articles

Back to top button