BREAKING NEWS

കര്‍ഷകര്‍ സമരം ശക്തമാക്കുന്നു, ഡല്‍ഹിയെ അടച്ചുകെട്ടാന്‍ സമരക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്. ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടയ്ക്കുമെന്നു ഭീഷണി മുഴക്കി ആയിരക്കണക്കിനു കര്‍ഷകര്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. സോണിപത്, റോത്തക്, ജയ്പുര്‍, ഗാസിയാബാദ്ഹപുര്‍, മഥുര എന്നിവിടങ്ങളില്‍നിന്നുള്ള പ്രവേശനം തടസപ്പെടുത്തുമെന്നാണു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണു കര്‍ഷകര്‍. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്കു മാറിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയും ചെയ്തിരുന്നു. നിബന്ധനകള്‍ വച്ചുള്ള ചര്‍ച്ചയ്ക്കു തയാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
അതേസമയം, ഇതിനോടകം ബുറാഡിയിലെ നിരങ്കാരി മൈതാനത്ത് നിലവില്‍ എത്തിച്ചേര്‍ന്ന മറ്റു കര്‍ഷകര്‍ അവിടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്നു നഗരത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. സിംഘു, തിക്രി അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മറ്റു പാതകള്‍ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി പൊലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.
അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ബുറാഡി മൈതാനത്തേക്കു മാറിയാല്‍ വിജ്ഞാന്‍ ഭവനില്‍ ഉന്നതതല മന്ത്രി സംഘം ചര്‍ച്ചയ്ക്കു തയാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ തള്ളിയതിനു പിന്നാലെയായിരുന്നു യോഗം. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ കര്‍ഷകസമരം കൈകാര്യം ചെയ്തതിലുണ്ടായ പാളിച്ചകളും യോഗത്തില്‍ ചര്‍ച്ചയായി.
ബുറാഡി പാര്‍ക്ക് തുറന്ന ജയിലാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണു കര്‍ഷക സംഘടനകളുടെ ആരോപണം. ഡല്‍ഹി പൊലീസ് തങ്ങളെ അവിടെ തടവിലാക്കുമെന്നു കര്‍ഷകര്‍ പറയുന്നു. തുറന്ന ജയിലിലേക്കു പോകാതെ ഡല്‍ഹിയിലേക്കുള്ള അഞ്ച് കവാടങ്ങളും അടയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വാഹനങ്ങള്‍ക്കുള്ളില്‍ വൈക്കോലും അതിനു മുകളില്‍ കമ്പിളിയും വിരിച്ചാണു കര്‍ഷകര്‍ രാത്രിയില്‍ ഉറങ്ങുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രാക്ടറുകളില്‍ സംഭരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുന്നുമെന്ന് അവര്‍ പറയുന്നു.
തലസ്ഥാനത്തേക്കുള്ള ആറ് അതിര്‍ത്തികളിലേക്കും കര്‍ഷകരെത്തുന്നുണ്ട്. ഇവര്‍ക്കെതിരെ ഹരിയാന പൊലീസും ഡല്‍ഹി പൊലീസും ഒട്ടേറെ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 12,000 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. രണ്ടു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്തിരിക്കുന്നത്. അഞ്ഞൂറോളം കര്‍ഷകസംഘടനകളുടെ പിന്തുണ പ്രതിഷേധത്തിനുണ്ട്. മൂന്നു ലക്ഷത്തോളം കര്‍ഷകരാണു പങ്കെടുക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കുടുതല്‍ കര്‍ഷകരെ ഡല്‍ഹിയിലേക്ക് എത്തിക്കാനും നീക്കം നടക്കുന്നുണ്ട്.
ഇന്നലെ പ്രക്ഷോഭം സമാധാനപരമായിരുന്നു. റോഡില്‍ കുത്തിയിരുന്ന കര്‍ഷകര്‍ നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. കോര്‍പറേറ്റുകള്‍ക്കെതിരെ പോരാടുന്ന എല്ലാവരും കര്‍ഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ ഭൂട്ടാസിങ് ബുര്‍ജ്ഗില്‍, ഹര്‍മീത് സിങ് കാദിയാന്‍ എന്നിവര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് അനുകൂലമായി രംഗത്തുണ്ട്. ഇതുവരെ പ്രതികരിക്കാതിരുന്ന ബിഎസ്പി നേതാവ് മായാവതി, ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Related Articles

Back to top button