BREAKING NEWSLATESTNATIONAL

കരുത്തുകാട്ടി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്, തടയാനായി സേനയും

ന്യൂഡല്‍ഹി: കര്‍ഷകസമരം എട്ടാംദിവസത്തിലേക്കുകടന്നതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ കര്‍ഷകര്‍ തമ്പടിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ഏതുനിമിഷവും സമരം ശക്തമാക്കാന്‍ സജ്ജരായാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരെത്തിയത്.
ഡല്‍ഹിമീററ്റ് ദേശീയപാതയിലൂടെ ട്രാക്ടറുകളിലും മറ്റും കര്‍ഷകര്‍ വ്യാപകമായി വന്നതോടെ അതിര്‍ത്തി അടച്ചു. ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ ഗാസിപ്പുരില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന്, ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു. കര്‍ഷകര്‍ പ്രവഹിച്ചതോടെ നഗരാതിര്‍ത്തികളില്‍ സുരക്ഷയ്ക്കായി 45 കമ്പനി അര്‍ധസൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനിടെ, സായുധരായി നടക്കുന്ന സിഖ് വിഭാഗക്കാരായ നിഹാംഗ് സിഖുക്കാരും കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയേകി വ്യാഴാഴ്ച സിംഘു അതിര്‍ത്തിയിലെത്തി. പ്രക്ഷോഭം ശക്തമായതോടെ സിംഘു, തിക്രി, നോയ്ഡ, ഗാസിപ്പുര്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. ഝറോഡ അതിര്‍ത്തിയില്‍ വാഹനഗതാഗതം നിരോധിച്ചു. ബാദുസരായ്, ഝാതികേഡ അതിര്‍ത്തികളില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കുംമാത്രമേ പ്രവേശനമുള്ളൂ. ഗുഡ്ഗാവ്, ജജ്ജാര്‍ബഹാദൂര്‍ഗഢ് അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. ഡല്‍ഹിയു.പി. അതിര്‍ത്തിയായ നോയ്ഡയില്‍ അംബേദ്കര്‍ പാര്‍ക്കില്‍ കേന്ദ്രീകരിച്ചാണ് കര്‍ഷകപ്രക്ഷോഭം.
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന ഉറച്ചനിലപാടുമായി വിജ്ഞാന്‍ഭവനില്‍ ചര്‍ച്ചയ്ക്കുചെന്ന കര്‍ഷകസംഘടനാനേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഉച്ചഭക്ഷണം നിരസിച്ചു. പകരം, സമരഭൂമിയായ സിംഘുവിലെ ലംഗാറില്‍ പാചകംചെയ്ത ഭക്ഷണമാണ് അവര്‍ കഴിച്ചത്. ഭക്ഷണം സമരക്കാര്‍ പ്രത്യേകവാഹനത്തില്‍ വിജ്ഞാന്‍ഭവനിലെത്തിച്ചു.
ഉച്ചഭക്ഷണത്തിന് ചര്‍ച്ച പിരിഞ്ഞപ്പോള്‍ നേതാക്കള്‍തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോടുപറഞ്ഞത്. ചര്‍ച്ച നീണ്ടതോടെ വൈകീട്ട് ചായയും നേതാക്കള്‍ക്കായെത്തി. ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷവും കേന്ദ്രത്തിന്റെ ചായസത്കാരം നേതാക്കള്‍ നിരസിച്ചിരുന്നു. പകരം സമരസ്ഥലത്തെ ലംഗാറില്‍ ഉണ്ടാക്കിയ ജിലേബി കഴിക്കാന്‍ അവര്‍ കേന്ദ്ര കൃഷിമന്ത്രിയെ ക്ഷണിച്ചു. ”അവര്‍ തരുന്ന ചായപോലും ഞങ്ങളുടെ ഡയറിഫാമുകളില്‍നിന്നുള്ളതാണ്” കര്‍ഷകനേതാവ് പ്രേംപാല്‍ സിങ് പറഞ്ഞു.

Related Articles

Back to top button