ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ ബദല്‍നിയമം പ്രഖ്യാപിച്ച് സമരക്കാര്‍. ഡല്‍ഹിയു.പി. അതിര്‍ത്തിയിലെ ഗാസിപ്പുരിലാണ് കര്‍ഷകര്‍ പ്രതീകാത്മകമായി ‘നിയമം’ പ്രഖ്യാപിച്ചത്. സമരക്കാര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് 144 ഏര്‍പ്പെടുത്തി. എങ്കില്‍ ഞങ്ങള്‍ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കര്‍ഷകരുടെ മറുപടി. പോലീസ് വിലക്കിയിടത്തു പ്രതിഷേധക്കാര്‍ പ്രവേശിക്കരുതെന്നുപറയുമ്പോള്‍ കര്‍ഷകര്‍ വിലക്കിയിടത്ത് പോലീസും കയറാന്‍ പാടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഡല്‍ഹിയിലെ കൂടുതല്‍ അതിര്‍ത്തികളില്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗാസിപ്പുരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിയത്. തുടര്‍ന്ന് പോലീസിനുപുറമേ ദ്രുതകര്‍മസേന, ബി.എസ്.എഫ്., സി.ആര്.പി.എഫ്. എന്നിവയെ ഇവിടെ വിന്യസിച്ചു. ബാരിക്കേഡുകള്‍ തള്ളിനീക്കി മുന്നേറാന്‍ ചിലര്‍ ശ്രമിച്ചു. തടഞ്ഞിടത്ത് സമാധാനപരമായി ധര്‍ണയിരിക്കാന്‍ സമരം നയിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന് തീരുമാനിച്ചു.
രാജ്യത്തെ നിയമസംവിധാനത്തോടുള്ള അനാദരവല്ല തങ്ങളുടെ പ്രതീകാത്മക 288 പ്രഖ്യാപനമെന്ന് കിസാന്‍ യൂണിയന് ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹവിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് കര്‍ഷകര്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രക്ഷോഭം ആറാംദിവസത്തേക്ക് പ്രവേശിച്ചതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ കാവലാണ്. സിംഘു, തിക്രി, ഗാസിപ്പുര്‍ പ്രദേശങ്ങളിലാണ് മുഖ്യമായും പ്രക്ഷോഭം. ഹരിയാണ അതിര്‍ത്തിയിലെ ഗുഡ്ഗാവിലും സുരക്ഷ കൂട്ടി.
അതിര്‍ത്തികള്‍ സ്തംഭിച്ചത് ഡല്‍ഹിയിലേക്കുള്ള പഴം, പച്ചക്കറി എന്നിവയുടെ വരവിനെ ബാധിച്ചു. പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചരക്കുനീക്കത്തെയാണ് ബാധിച്ചത്. ദിനംപ്രതി 2500 ചരക്കുവണ്ടികള്‍ എത്തിയിരുന്നത് ആയിരമായി കുറഞ്ഞു.