BREAKING NEWSNATIONAL

ഡല്‍ഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ യെച്ചൂരിക്കെതിരേ ഗൂഢാലോചനക്കുറ്റം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റു നേതാക്കളും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലുള്ളത്.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന്‍ അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന്‍ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. ആക്രമണങ്ങളില്‍ 53 പേരാണ് മരിച്ചത്. 581 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ ആരോപണം. കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേര് ഉള്‍പ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഏറ്റവും തീവ്രമായ രീതിയില്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇവര്‍ ആവശ്യപ്പെട്ടെന്നാണ് മൊഴി. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്ര ബാക്കി നില്‍ക്കെയാണ് പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രം.
കലാപത്തിന് ഇവര്‍ പ്രോരണ നല്‍കിയിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമം പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ നീക്കത്തില്‍ ഭയപ്പെടുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Related Articles

Back to top button