ENTERTAINMENTMALAYALAM

ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടേ … വരികളിലും ഈണത്തിലും ഹൃദയം തൊട്ട് ദേര ഡയറീസ്

വി കെ ജാബിര്‍
കോഴിക്കോട്: മനസ്സിനെ തൊട്ടുണര്‍ത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേര്‍ത്തു നിര്‍ത്തുന്ന സംഗീതവുമായി ദേര ഡയറീസ് വരുന്നു. കേട്ടുമതിവരാത്ത പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങളെന്ന് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യഗാനം തെളിയിക്കുന്നു.
എഴുത്തിന്റേയും സംഗീതത്തിന്റേയും ഗാനങ്ങളുടേയും പിന്നണിയില്‍ എല്ലാം യുവാക്കളാണെന്ന പ്രത്യേകതയുമുണ്ട് ഗാനങ്ങള്‍ക്ക്. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ വെളിച്ചം കണ്ടത്.
ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം നല്കിയ ‘മിന്നണിഞ്ഞ രാവേ എന്നുംമിന്നി താഴെ കണ്ണെറിഞ്ഞു വീഴാതെ, ഈ വെള്ളിവെയിലാലെ ഉള്ളു നിറഞ്ഞോട്ടെ മുല്ല മലര്‍ വീടാകെ’ എന്ന ആദ്യഗാനം നജീം അര്‍ഷാദും ആവണി മല്‍ഹറുമാണ് ആലപിച്ചത്.
പാട്ടിന്റെ വരികള്‍ക്കും ഈണത്തിനും അനുയോജ്യമായൊരുക്കിയ രംഗങ്ങള്‍ സിനിമാ പ്രേക്ഷകരെ ഗാനവുമായി ചേര്‍ത്തു നിര്‍ത്തും. പാട്ടു മാത്രമായി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് സിനിമ കാണാനുള്ള ആഗ്രഹം ജനിപ്പിക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ‘അടിച്ചുപൊളി’യിലാണ് ഗാനം തയ്യാറാക്കിയതെങ്കിലും ഉപകരണങ്ങളുടെ ബഹളമോ മനസ്സിലാക്കാനാവാത്ത വാക്കുകളോ പാട്ടിലില്ലെന്ന പ്രത്യേകതയുണ്ട്.
ജോപോളിന്റേയും സിബു സുകുമാരന്റേയും സിനിമാ ജീവിതത്തിലെ ഹിറ്റുകളിലൊന്നായിരിക്കും ദേര ഡയറീസിലെ ഗാനങ്ങള്‍ എന്നു തെളിയിക്കുന്നതാണ് ആദ്യം പുറത്തുവന്നിരിക്കുന്ന പാട്ട്.
സ്മാര്‍ട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോന്‍, നമിത പ്രമോദ്, മിഥുന്‍ രമേഷ്, മെറീന മൈക്കിള്‍, ലിയോണ ലിഷോയ്, അര്‍ഫാസ് ഇഖ്ബാല്‍, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
നവാഗതനായ മുഷ്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേര ഡയറീസ് പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനു വേണ്ടു മധു കരുവത്തും സംഘവുമാണ് നിര്‍മാതാക്കള്‍. അബു വളയംകുളം, ഷാലു റഹീം, അര്‍ഫാസ് ഇഖ്ബാല്‍ തുടങ്ങിയവരോടൊപ്പം യു എ ഇയിലെ ഏതാനും കലാകാരന്മാരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ദീന്‍ ഖമര്‍ ക്യാമറയും നവീന്‍ പി വിജയന്‍ എഡിറ്റിംഗും നിര്‍വഹിച്ച സിനിമയുടെ വാര്‍ത്താ വിതരണം എ എസ് ദിനേഷും കെ മുജീബുര്‍റഹ്മാനും നിര്‍വഹിക്കുന്നു.

Related Articles

Back to top button