BREAKINGKERALA

ഡിജിപിയ്‌ക്കെതിരായ ഭൂമി ഇടപാട് കേസ്; പരസ്പര ധാരണയില്‍ പ്രശ്‌നം പരിഹരിച്ചു, കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കി. പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരനായ ഉമര്‍ ശരീഫ് പറഞ്ഞു. പരസ്പര ധാരണയില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരന്‍ പറയുന്നു. കേസ് ഒത്തു തീര്‍പ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നല്‍കും.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണമാണ്. ആഭ്യന്തര വകുപ്പിനെതിരെ പാര്‍ട്ടി യോഗങ്ങളിലും പുറത്തു വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസില്‍ പ്രതിക്കൂട്ടിലായത്. ഭൂമിയുടെ പേരിലുള്ള ലോണ്‍ വിവരം മറച്ചുവെച്ച് വില്‍പ്പന കരാര്‍ ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിന്റെ മാര്‍ഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറില്‍ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്.
കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമര്‍ ശരീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്. പരാതി കൈപ്പറ്റിയ ശേഷം തുടര്‍നടപടിക്ക് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കോടതി ഉത്തരവ് അടക്കമുള്ള തെളിവുകളോടെയായിരുന്നു പരാതി. പരാതി നിലനില്‍ക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷെയ്ഖ് ദര്‍വേസ് സാഹിബിന് സര്‍വ്വീസ് കാലാവധി നീട്ടിയത്. ഭൂമിവിവാദത്തില്‍ സര്‍ക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീര്‍പ്പ് ശ്രമങ്ങളുണ്ടായത്. ഉമര്‍ ശരീഫില്‍ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടന്‍ കൈമാറി കേസ് അവസാനിപ്പിക്കാനായിരുന്നു ശ്രമം. പണം നല്‍കുന്ന മുറക്ക് പരാതിക്കാരന്‍ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. എന്നാല്‍ പണം നല്‍കി കേസ് തീര്‍ന്നാലും പ്രശ്‌നം തീരുന്നില്ല. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാള്‍ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നത് അതീവ ഗൗരവമേറിയ പ്രശ്‌നമാണ്.

Related Articles

Back to top button