BREAKING NEWSLATESTNATIONAL

ഡിജിപി കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു: വനിതാ ഐപിഎസ് ഓഫിസര്‍ ഇറങ്ങി ഓടി

ചെന്നൈ: ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടില്‍ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസിനെതിരെ സിബിസിഐഡി കേസെടുത്തു. എസ്പി ഡി. കണ്ണനെതിരെയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
ഫെബ്രുവരി 21ന് കാറിനുള്ളില്‍ വച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായതോടെ വനിതാ ഐപിഎസ് ഓഫിസര്‍ പെട്ടെന്നു തന്നെ കാര്‍ വിട്ടു പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി. ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസര്‍ ചെന്നൈയിലെത്തി ഡിജിപി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയത്. രണ്ടു ദിവസത്തിനുശേഷം സ്‌പെഷല്‍ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. അന്വേഷണത്തിനായി ആഭ്യന്തരമന്ത്രാലയം ആറംഗ സമിതിയെ നിയോഗിച്ചു. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്ന് രജേഷ് ദാസ് പറഞ്ഞു.
ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ ‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് സ്‌പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന് ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്‌പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. സംഘം യാത്ര തുടര്‍ന്നു.
കാര്‍ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത സ്ഥലത്ത് നോര്‍ത്ത് സോണ്‍ ഐജിപി കെ. ശങ്കര്‍, ഡിഐജി എം. പാണ്ഡ്യന്‍ ഐപിഎസ് ഓഫിസര്‍മാരായ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയയുടന്‍ വനിതാ ഓഫിസര്‍ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നു. 15-20 മീറ്ററോളം അവര്‍ ഓടി. തന്റെ ഔദ്യോഗിക വാഹനം പിന്നാലെയുണ്ടായിരുന്നെങ്കിലും ഹഖിന്റെ വാഹനം അവര്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ തയാറായിട്ടില്ല.
തൊട്ടുപിറ്റേന്ന് വനിതാ ഓഫിസറെ ബന്ധപ്പെടാന്‍ രാജേഷ് ദാസ് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. രണ്ടു മണിക്കൂറിനുള്ളില്‍ അവര്‍ ചെന്നൈയിലേക്കു പോകാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞതോടെ അവരുടെ വാഹനം തടയാന്‍ വില്ലുപുരം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിച്ചുവെന്നാണ് ആരോപണം. എന്നാല്‍ വനിതാ ഓഫിസറുടെ വാഹനം കടന്നുപോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. തുടര്‍ന്ന് അടുത്ത ജില്ലയായ ചെങ്കല്‍പേട്ടയിലെ എസ്പി ഡി. കണ്ണനോടു വാഹനം തടയാന്‍ ആവശ്യപെട്ടു. എസ്പിയെത്തി വാഹനം തടഞ്ഞ് വനിതാ ഓഫിസറോട് ഡിജിപിയുമായി സംസാരിക്കാനും മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. 150 പൊലീസുകാര്‍ക്കൊപ്പമാണ് എസ്പി കണ്ണന്‍ വാഹനം തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വനിതാ ഓഫിസര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
എസ്പി കണ്ണനെതിരെയും പരാതി നല്‍കുമെന്ന് വനിതാ ഓഫിസര്‍ പറഞ്ഞതോടെ എസ്പി പിന്‍വാങ്ങി അവരെ ചെന്നൈയ്ക്കു പോകാന്‍ അനുവദിച്ചു. കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും എസ്പി കണ്ണന്‍ പ്രതികരിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ ദാസിനെയും കണ്ണനെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മുമ്പ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ദാസിന് 2000 രൂപ പിഴ ചുമത്തിയിരുന്നു. 2004ല്‍ സഹപ്രവര്‍ത്തകരോടെ അപമര്യാദയായി പെരുമാറിയതിന് ദാസിനു സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker